
കല്ലടക (ദക്ഷിണ കര്‍ണാടക): ആര്‍എസ്എസ് നേതാവിന്‍റെ സ്കൂളില്‍ നടത്തിയ നാടകത്തില്‍ ബാബറി മസ്‍ജിദ് പൊളിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ കര്‍ണാടകയിലുള്ള ശ്രീ റാം വിദ്യാകേന്ദ്ര ഹൈസ്കൂളിലാണ് സംഭവം. ഇന്നലെ സ്കൂള്‍ ദിനത്തോട് അനുബന്ധിച്ച് നടത്തിയ നാടകത്തിനിടയിലാണ് വെള്ള, കാവി വസ്ത്രമണിഞ്ഞ നിരവധി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സ്കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ബാബറി മസ്ജിദിന്‍റെ കൂറ്റന്‍ പോസ്റ്റര്‍ പൊളിച്ചത്.
11,12 ക്ലാസ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു നാടകം. ബാബറി മസ്‍ജിദ് പൊളിച്ച ശേഷം ഗ്രൗണ്ടില്‍ പ്രതീകാത്മക രാമ ക്ഷേത്രവും കുട്ടികള്‍ നിര്‍മിച്ചു. താമര, നക്ഷത്രം , ഓം തുടങ്ങിയ രൂപങ്ങളും വിദ്യാര്‍ത്ഥികള്‍ നാടകത്തിന് ശേഷം നിര്‍മ്മിച്ചിരുന്നു. രാമ, സീത, ഹനുമാന്‍ മന്ത്രോച്ചാരണത്തോടെയായിരുന്നു നാടകം. കര്‍ണാടകയിലെ പ്രമുഖ ആര്‍ എസ്എസ് നേതാവും ദക്ഷിണ മധ്യമേഖല എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പറായ കല്ലടക പ്രഭാകര ഭട്ടിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ശ്രീ റാം വിദ്യാകേന്ദ്ര ഹൈ സ്കൂള്‍.
കേന്ദ്രമന്ത്രിയായ ഡി വി സദാനന്ദ ഗൗഡയും പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും അടക്കം സന്നിഹിതരായിരുന്ന വേദിയിലാണ് നാടകം അവതരിപ്പിച്ചത്. കര്‍ണാടക സംസ്ഥാന മന്ത്രിമാരായ എച്ച് നാഗേഷ്, ശശികല ജോലെ തുടങ്ങിയവരും സ്കൂള്‍ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ബാബാറി മസ്ജിദിനെ സംബന്ധിച്ച് സുപ്രീം കോടതി നിരീക്ഷണങ്ങള്‍ക്കെതിരായാണ് നാടകമെന്ന് സൂചിപ്പിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷണങ്ങളോട് യോജിപ്പില്ലെന്നായിരുന്നു കല്ലടക പ്രഭാകര ഭട്ട് ഓണ്‍ലൈന്‍ മാധ്യമമായ ദ ന്യൂസ് മിനിട്ടിനോട് പ്രതികരിച്ചത്. ബാബറി മസ്ജിദ് പൊളിച്ചത് തെറ്റായെന്ന് സുപ്രീം വിധിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിധിയിലെ എല്ലാ കാര്യങ്ങളേടും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പ്രഭാകര ഭട്ട് വ്യക്തമാക്കി.
ചരിത്രപരമായ ഒരു സംഭവത്തെ ഇത്തരം നാടകത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും പ്രഭാകര ഭട്ട് കൂട്ടിച്ചേര്‍ത്തു. അത് മോസ്ക് ഒന്നും ആയിരുന്നില്ല വെറുമൊരു കെട്ടിടം മാത്രമായിരുന്നു. ഞങ്ങള്‍ ജാലിയന്‍ വാലാ ബാഗ് സംഭവവും നാടകമാക്കിയിട്ടുണ്ട്. നിങ്ങള്‍ എന്താണ് അത് വാര്‍ത്തയാക്കാത്തതെന്നുമായിരുന്നു പ്രഭാകര ഭട്ടിന്‍റെ പ്രതികരണം.
ഞങ്ങള്‍ മുസ്‍ലീമുകള്‍ക്ക് എതിരല്ല, ഭീകരവാദികള്‍ക്കെതിരാണ് തങ്ങള്‍. ഞങ്ങളുടെ ക്ഷേത്രം നശിപ്പിച്ചാണ് അവിടെ ബാബറി മസ്‍ജിദ് എന്ന കെട്ടിടമുണ്ടാക്കിയത്. വര്‍ഗീയ സ്വഭാവമുള്ള നാടകത്തേക്കുറിച്ച് സദാനന്ദ ഗൗഡയോട് ചോദിച്ചപ്പോള്‍ നാടകം അവതരിപ്പിച്ച സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. സാങ്കല്‍പിക രാമക്ഷേത്രം നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്യുന്ന ചിത്രവും വീഡിയോയും കിരണ്‍ ബേദി നേരത്തെ പങ്കുവച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam