ബിജെപി തിടുക്കം കാണിച്ചിട്ട് കാര്യമില്ല; തീരുമാനം കൃത്യസമയത്തുണ്ടാകും: കർണാടക സ്പീക്കർ

By Web TeamFirst Published Jul 10, 2019, 5:44 PM IST
Highlights

നാളെയും എത്ര പേർ രാജിക്കത്തുമായി വന്നാലും സ്വീകരിക്കുമെന്നും സ്പീക്കർ രമേശ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

മുംബൈ: വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ. ബിജെപി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നിയമപരമായേ മുന്നോട്ട് പോകൂ. നാളെയും എത്ര പേർ രാജിക്കത്തുമായി വന്നാലും സ്വീകരിക്കുമെന്നും സ്പീക്കർ രമേശ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

രണ്ട് എംഎൽഎമാർ ഇന്ന് രാജി നൽകിയിട്ടുണ്ട്. എംഎൽഎമാരെ ഈ മാസം 17 ന് കാണുമെന്നും സ്പീക്കർ പറഞ്ഞു. കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. 14 എംഎൽഎമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി എന്നാണ് ബിജെപി നേതാക്കൾ ഗവര്‍ണര്‍ വാജുഭായി വാലക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പുറത്താക്കാൻ തയ്യാറാകണമെന്ന് ബിഎസ് യദ്യൂരപ്പ ആവശ്യപ്പെട്ടു. 

വിശ്വാസ വോട്ടെടുപ്പിന്‍റെ പ്രശ്നം പോലും ഉദിക്കുന്നില്ലെന്ന് ബിഎസ് യദ്യൂരപ്പ പറഞ്ഞു. കുമാര സ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പോലും ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിമതരുടെ രാജിയിൽ ഉടൻ തീരുമാനമെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടത്.

click me!