റിപ്പബ്ലിക് ദിനപരേഡ്: കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി

By Web TeamFirst Published Jan 13, 2023, 9:07 AM IST
Highlights

 'നാരീശക്തി' എന്ന ആശയമാണ് കർണാടകയുടെ നിശ്ചലദൃശ്യത്തിന് ഉപയോഗിക്കുന്നത്.

ബെംഗളൂരു: വിവാദങ്ങൾക്കൊടുവിൽ റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി. 'നാരീശക്തി' എന്ന പേരിലുള്ള ഫ്ലോട്ടാണ് കർണാടക അവതരിപ്പിക്കുക. ജനുവരി 19 നുള്ളിൽ ഫ്ലോട്ട് തയ്യാറാക്കി വയ്ക്കാൻ കർണാടക സർക്കാരിനോട് പ്രതിരോധമന്ത്രാലയം നിർദേശിച്ചു. തെരഞ്ഞെടുപ്പ് ആസന്നമായ കർണാടകയിൽ ഫ്ലോട്ട് തള്ളിയത് വൻ രാഷ്ട്രീയവിവാദത്തിനാണ് വഴിവച്ചത്. കഴിഞ്ഞ 13 വർഷമായി തുടർച്ചയായി റിപ്പബ്ലിക് ദിനപരേഡിൽ കർണാടകം നിശ്ചലദൃശ്യം അവതരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വർഷം കർണാടകത്തിന്‍റെ ഫ്ലോട്ട് തള്ളിയത് ബിജെപി സർക്കാരിന് വലിയ തലവേദനയായിരുന്നു. ബൊമ്മൈ സർക്കാരിന്‍റെ പിടിപ്പുകേടുകൊണ്ടാണ് കർണാടകയുടെ ഫ്ലോട്ട് തള്ളിയതെന്നും, ഇതിനെതിരെ ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. 

'നാരീശക്തി' എന്നതായിരുന്നു കർണാടകയുടെ പ്രമേയം. ഇതേ പ്രമേയത്തിലുള്ള കേരളത്തിന്‍റെ ഫ്ലോട്ടിന് അനുമതി കിട്ടി. കർണാടകത്തിന് കിട്ടിയില്ല. ഇതും പ്രതിഷേധത്തിന് ആക്കം കൂട്ടി. ഇതോടെ കേന്ദ്രസർ‍ക്കാരുമായും പ്രതിരോധമന്ത്രാലയവുമായും സംസാരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു. തുടർന്ന് നടത്തിയ ചർച്ചകളുടെ ഒടുവിലാണ് ഫ്ലോട്ടിന് അനുമതി നൽകുന്നുവെന്നും ജനുവരി 19 ആകുമ്പോഴേക്ക് നിർദേശിക്കുന്ന ചെറിയ മാറ്റങ്ങൾ വരുത്തി ഫ്ലോട്ട് തയ്യാറാക്കണമെന്നും പ്രതിരോധമന്ത്രാലയം കർണാടക സർക്കാരിന് നിർദേശം നൽകിയത്. ഇത്തവണയും ഫ്ലോട്ടിന് അനുമതി കിട്ടിയതോടെ 14 വർഷം തുടർച്ചയായി പരേഡിൽ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന സംസ്ഥാനമെന്ന റെക്കോഡും കർണാടക സ്വന്തമാക്കി. 

click me!