പ്രത്യേക പൂജയുമായി കൊറോണയെ തുരത്താനുള്ള ശ്രമത്തില്‍ കര്‍ണാടകയിലെ ഒരു 'ഗ്രാമം'

By Web TeamFirst Published May 24, 2020, 10:35 PM IST
Highlights

പ്ലേഗ്, ചിക്കന്‍ പോക്സ് എന്നിവ വ്യാപിച്ച സമയത്ത് തങ്ങളുടെ പൂര്‍വ്വികര്‍ ചെയ്ത ആരാധനയ്ക്ക് സമാനമായാണ് ഈ പ്രാര്‍ത്ഥനയെന്ന് ഗ്രാമവാസികള്‍ 

ബെല്ലാരി: കൊവിഡ് 19 നെതിരായ വാക്സിന്‍ കണ്ടെത്താന്‍  വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ പരിശ്രമം ഊര്‍ജ്ജിതമാക്കുമ്പോള്‍ കൊറോണായ്ക്കായി പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി കര്‍ണാടകയിലെ ഒരു ഗ്രാമം. വടക്കന്‍ കര്‍ണാടകയിലെ ബെല്ലാരിയിലെ ഹുളിക്കരെ ഗ്രാമം. പ്ലേഗ്, ചിക്കന്‍ പോക്സ് എന്നിവ വ്യാപിച്ച സമയത്ത് തങ്ങളുടെ പൂര്‍വ്വികര്‍ ചെയ്ത ആരാധനയ്ക്ക് സമാനമായാണ് ഈ പ്രാര്‍ത്ഥനയെന്നാണ് ഗ്രാമവാസികള്‍ പറയുന്നു. 

ഇതിന് മുന്‍പും പകര്‍ച്ച വ്യാധികളുണ്ടായ സമയത്ത് ചില ദേവതമാരെ പ്രീതിപ്പെടുത്താനുള്ള പ്രാര്‍ത്ഥനകള്‍ ഇവിടെ നടത്തിയിരുന്നെന്നാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയും ഗ്രാമവാസിയുമായ ടി ഓങ്കാര ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിക്കുന്നത്. ഒരു പ്രത്യേക സമയം നിശ്ചയിച്ച് ഗ്രാമത്തിലെ വീടുകള്‍ വൃത്തിയാക്കി, മധുരപലഹാരങ്ങളൊരുക്കി ദേവീ ശില്‍പത്തെ സ്വീകരിച്ച് ചെറിയ  പ്രദക്ഷിണമായി ഗ്രാമത്തിന് വെളിയില്‍ എത്തിക്കുന്നതോടെ പകര്‍ച്ച വ്യാധി ഭേദമാകുമെന്നാണ് വിശ്വാസം. തങ്ങള്‍ നല്‍കിയ സമ്മാനവും ആദരവും സ്വീകരിക്കുന്ന പകര്‍ച്ച വ്യാധി ഗ്രാമം വിട്ട് പോകുമെന്ന പേരില്‍ ഇതിന് മുന്‍പും സമാനമായ ആരാധന ഇവിടെ നടന്നിട്ടുണ്ട്. 

പകര്‍ച്ച വ്യാധി വ്യാപകമാവുന്ന സാഹചര്യങ്ങളില്‍ ഇത്തരം പ്രാര്‍ത്ഥനകള്‍ സാധാരണമാണെന്നാണ് ഓങ്കാര പറയുന്നത്. നിരവധി ഗ്രാമങ്ങളില്‍ ഇത്തരം ആചാരം നടത്തുന്നുണ്ട്. ഇത്തരം ആചാരങ്ങള്‍ മഹാമാരിയുടെ ഗുരുതരാവസ്ഥ ആളുകളെ ബോധിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് ചിലരുടെ നിരീക്ഷണം. വിശ്വാസത്തെക്കുറിച്ച് അഭിപ്രായമില്ലെങ്കിലും ആളുകള്‍ക്ക് ശുചിത്വശീലങ്ങള്‍ പിന്തുടരാനും ഇത് സഹായകരമാകുമെന്നും നിരീക്ഷിക്കുന്നവരാണ് ചില വിദഗ്ധര്‍. വേപ്പില കൊണ്ട് തയ്യാറാക്കിയ രഥങ്ങളിലാണ് ഈ ദേവതമാരെ പ്രദക്ഷിണം നടത്തുന്നത്. 

click me!