
ചെന്നൈ: തമിഴ്നാട്ടില്‍ പിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വടംവലി മുറുകി. പദവി ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് കാര്‍ത്തി ചിദംബരം എംപി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു. തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് കാര്‍ത്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെ.എസ്. അഴഗിരി തമിഴ്നാട് കോൺഗ്രസിന്‍റെ തലപ്പത്തെത്തിയിട്ട് വര്‍ഷം അഞ്ചാകാറായി. തലമുറ മാറ്റത്തിനുള്ള ശ്രമങ്ങൾ ഹൈക്കമാന്‍ഡ് പലവട്ടം തുടങ്ങിയെങ്കിലും തമ്മിലടി കടുക്കുമെന്ന പേടിയിൽ മടിച്ചു. അയൽ സംസ്ഥാനമായ തെലങ്കാനയിൽ പാര്‍ട്ടി അധികാരത്തില്‍ എത്തിയതോടെ യുവ രക്തത്തിനായുള്ള മുറവിളി വീണ്ടുമുയരുകയാണ്. രേവന്ത് റെഡ്ഡിയെ പോലെ ചുറുചുറുക്കുള്ള നേതൃത്വം വാഗ്ദാനം ചെയ്ത് ഹൈക്കമാന്‍ഡിനെ സമീപിച്ചു കഴിഞ്ഞു ശിവഗംഗ എം.പി കാര്‍ത്തി ചിദംബരം.
പിസിസി പ്രസിഡന്‍റാകാൻ സമയമായോ എന്ന് ചോദിച്ചാൽ 'ഇത് നാമനിര്‍ദേശത്തിലൂടെ ലഭിക്കുന്ന പദവിയാണ്. പാര്‍ട്ടി നേതൃത്വത്തിന്‍റെ താത്പര്യപ്രകാരമാകും തീരുമാനം എന്നുമാണ് മറുപടി. നിയമസഭാ കക്ഷി നേതാവായ സെൽവപെരുന്തഗൈയെ പ്രസിഡന്‍റാക്കാൻ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഓഗസ്റ്റിൽ ശ്രമിച്ചപ്പോൾ അഴഗിരി എതിര്‍ത്തു. ദളിത് പ്രാതിനിധ്യം എന്ന ഖാര്‍ഗെയുടെ വാദത്തെ അഴഗിരി വെട്ടിയത് , 4 പാര്‍ട്ടികൾ ഇതിനോടകം മാറിക്കഴിഞ്ഞ സെൽവപെരുന്തഗൈയുടെ ട്രാക്ക് റെക്കോര്‍ഡ് ഉയര്‍ത്തിയായിരുന്നു.
പിസിസി പ്രസിഡന്‍റാകാനുള്ള മത്സരത്തിൽ താനില്ലെന്നും, ഇപ്പോഴുള്ള പദവിയിൽ സന്തുഷ്ടനാണെന്നും . ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അനുസരിക്കുമെന്നുമാണ് സെൽവപെരുന്തഗൈ പറയുന്നത്. കരൂര്‍ എം.പി ജോതിമണി, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ശശികാന്ത് സെന്തിൽ എന്നിവരുടെ പേരുകളും അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും സ്വീകാര്യത ലഭിച്ചിട്ടില്ല. കോൺഗ്രസിന് 8 ലോക്സഭാ എം.പിമാര്‍ ഉള്ള സംസ്ഥാനത്തെ ആശയക്കുഴപ്പം , തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam