
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ (Kasganj Police station) ലോക്കപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ (Custodial death) പോസ്റ്റ്‌മോര്‍ട്ടം (Post morterm) ലഭിച്ചു. തൂങ്ങിയതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതില്‍ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച അല്‍താഫ് എന്ന 22 കാരനെ ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുവതിയുമായി ഒളിച്ചോടിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്. അല്‍താഫ് ധരിച്ച ജാക്കറ്റിന്റെ വള്ളികൊണ്ട് പൈപ്പില്‍ കെട്ടിയാണ് മരിച്ചതെന്നാണ് പൊലീസ് വാദം. കൃത്യവിലോപത്തിന് അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കസ്ഗഞ്ചിലെ സദര്‍ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. യുവതിയുമായി ഒളിച്ചോടിയ കേസില്‍ ചോദ്യം ചെയ്യലിനാണ് ഇയാളെ വിളിച്ചുവരുത്തിയത്. എന്നാല്‍ ചൊവ്വാഴ്ച ലോക്കപ്പില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൂത്രമൊഴിക്കാന്‍ ബാത്ത് റൂമില്‍ പോകണമെന്ന് പറഞ്ഞ യുവാവ് അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. യുവാവ് ധരിച്ച കറുത്ത ജാക്കറ്റിലെ വള്ളി ടാപ്പിലെ പൈപ്പില്‍ കൊളുത്തിയാണ് തൂങ്ങിയത്. അബോധവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു.
മകനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് താനാണെന്നും മരണത്തിന് പിന്നില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പിതായ് ചാന്ദ് മിയാന്‍ ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. സദര്‍ കോട്വാലി പ്രദേശത്താണ് അല്‍ത്താഫും കുടുംബവും താമസിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam