'കശ്മീർ ബില്ലുകളി'ൽ ബിജെപിക്ക് പിന്തുണയേറി, അനുകൂലിച്ച് കെജ്‍രിവാളും മായാവതിയും

By Web TeamFirst Published Aug 5, 2019, 3:15 PM IST
Highlights

പാർലമെന്‍റിന് മുന്നിൽ രണ്ട് ബില്ലുകളാണ് കേന്ദ്രസർക്കാർ വച്ചിരിക്കുന്നത്. പരോക്ഷമായിട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് നേരത്തേ ബിജെപി മറ്റ് രാഷ്ട്രീയ കക്ഷികളുമായി സമവായത്തിലെത്തിയെന്നാണ് സൂചന. 

ദില്ലി: ജമ്മു കശ്മീരിനെ വിഭജിക്കുന്നതടക്കമുള്ള ബില്ലുകൾ ഇരുസഭകളുടെയും പരിഗണനയിലിരിക്കെ, തീർത്തും അപ്രതീക്ഷിതമായ നിലപാടെടുത്ത് പ്രതിപക്ഷ കക്ഷിയായ ബിഎസ്‍പി. ബില്ലിനെ സ്വാഗതം ചെയ്യുന്നതായി ബിഎസ്‍പി എംപി സതീഷ് ചന്ദ്ര മിശ്ര പ്രഖ്യാപിച്ചു. അതേസമയം, എൻഡിഎ സഖ്യകക്ഷിയായ ജെഡിയു ബില്ലിനെ എതിര്‍ത്തു.  അണ്ണാ ഡിഎംകെ, വൈഎസ്ആർ കോൺഗ്രസ്, ശിവസേന, ബിജെഡി എന്നീ പാർട്ടികളടക്കം നിരവധി പാർട്ടികൾ ബില്ലിനെ അനുകൂലിക്കുന്നെന്ന് വ്യക്തമാക്കിയതോടെ, ഇരുസഭകളിലും ബില്ല് പാസ്സാകാനുള്ള സാധ്യതയേറി. 

മായാവതിയും കെജ്‍രിവാളും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത് ഒട്ട് അദ്ഭുതത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. തന്‍റെ സംസ്ഥാനത്തിനുള്ള അവകാശങ്ങൾ പൂർണമായും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന, പൂർണസംസ്ഥാനപദവിയില്ലാതെ സംസ്ഥാനങ്ങളെ തുടരാൻ അനുവദിക്കരുതെന്ന് ശക്തമായി വാദിക്കുന്ന കെജ്‍രിവാൾ പക്ഷേ പറഞ്ഞത്, ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ ഈ നീക്കത്തോടെ അവസാനിക്കട്ടെ എന്നാണ്. 

മായാവതിയുടെ എംപി സതീഷ് ചന്ദ്ര മിശ്ര ബില്ലിനെ അനുകൂലിക്കാനുള്ള കാരണമായി പറയുന്നത് ''ദളിതുകൾക്കും താഴേക്കിടയിലുള്ളവർക്കും ഇനി ജമ്മു കശ്മീരിൽ ഭൂമി വാങ്ങാമല്ലോ'' എന്നതാണ്. ഏകകണ്ഠമായാണ് ബിഎസ്‍പി ബിജെപിയെ കശ്മീർ വിഷയത്തിൽ പിന്തുണച്ചത്. 

ഒഡിഷയിലെ നവീൻ പട്‍നായികിന്‍റെ ബിജു ജനതാദളും ഇക്കാര്യത്തിൽ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ചരിത്രനീക്കമാണെന്ന് പറഞ്ഞ ബിജെഡി എംപി പ്രസന്ന ആചാര്യ ഒരു പടി കൂടി കടന്ന് പറഞ്ഞത്, പാക് അധീന കശ്മീരിനെക്കൂടി തിരികെക്കൊണ്ടുവരണമെന്നാണ്. ''ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് നമ്മൾ പറയും. യഥാർത്ഥത്തിൽ ഇവിടെ പൂർണമായ കശ്മീരുണ്ടോ? പാക് അധീക കശ്മീരിനെ ഇനി തിരികെക്കൊണ്ടുവരണം'', എന്ന് ആചാര്യ. 

ബിജെപി സഖ്യകക്ഷിയായ നിതീഷ് കുമാറിന്‍റെ ജെഡിയു പക്ഷേ, ബില്ലുകളെ ശക്തമായി എതിർത്തു. അടിസ്ഥാനപരമായി പരസ്പരധാരണയിലൂടെ മാത്രമേ ബില്ല് പാസ്സാകാവൂ എന്ന് ജെഡിയു ആവശ്യപ്പെട്ടു. ബില്ലവതരണം ബിഎസ്‍പി ബഹിഷ്കരിച്ചു. 

click me!