'കശ്മീര്‍ നിങ്ങളുടേതല്ല, അതിന്‍റെ പേരില്‍ കരയേണ്ട'; പാക്കിസ്ഥാനോട് രാജ്നാഥ് സിങ്

By Web TeamFirst Published Aug 29, 2019, 6:07 PM IST
Highlights

ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടുന്ന രാജ്യവുമായുള്ള സൗഹൃദം അസാധ്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ലേ: കശ്മീര്‍ പാക്കിസ്ഥാന്‍റേതല്ലെന്നും കശ്മീരിന് വേണ്ടി പാക്കിസ്ഥാന്‍ കരയേണ്ടതില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലഡാക്കിലെ ലേയില്‍ 26-മത് കിസാന്‍ ജവാന്‍ വിഗ്യാന്‍ മേളയില്‍ പങ്കെടുക്കുമ്പോഴായിരുന്നു രാജ്നാഥ് സിങിന്‍റെ പരാമര്‍ശം. ഒരിക്കലും പാക്കിസ്ഥാന്‍റെ ഭാഗമല്ലാതിരുന്ന കശ്മീരിന്‍റെ പേരിലുള്ള അവകാശവാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. 

കശ്മീരിന്‍റെ കാര്യത്തില്‍ നിര്‍ണായക തീരുമാനം എടുത്തതോടെ മോദി സര്‍ക്കാരിനെതിരെ പാക്കിസ്ഥാന്‍ ആവശ്യമില്ലാത്ത പ്രകോപനങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമാണ്. പാക്കിസ്ഥാന്‍ രൂപംകൊണ്ടതിന് ശേഷം ആ രാജ്യത്തിന്‍റെ സ്വത്വത്തെ ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. അയല്‍രാജ്യങ്ങളുമായി സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റി വിടുന്ന രാജ്യവുമായുള്ള സൗഹൃദം അസാധ്യമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. 

കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ പാക്കിസ്ഥാന് ലഭിക്കില്ലെന്നും പാക്ക് അധിനിവേശ കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. 

click me!