കശ്മീരില്‍ വനിത ഹോസ്റ്റലില്‍ 'പാക് വിജയാഘോഷം'; മെഡി.വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ്

By Web TeamFirst Published Oct 26, 2021, 8:34 PM IST
Highlights

തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍‍, സൗര എന്നീ രണ്ട് സ്റ്റേഷനുകളില്‍ കേസുകള്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് വിവരം. 

ശ്രീനഗര്‍: ഞായറാഴ്ച നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലീസ് രണ്ട് കേസുകള്‍ റജിസ്ട്രര്‍ ചെയ്തത്. 

നേരത്തെ തന്നെ ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും, ഷേറേ കശ്മീര്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ പാകിസ്ഥാന്‍ വിജയം ആഘോഷിക്കുന്നതിന്റെയും, പാക് അനുകൂല മുദ്രവാക്യം വിളിക്കുന്നതിന്‍റെയും വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

J&K | FIR registered against a few GMC & SKIMS medical students for allegedly celebrating Pakistan's victory against India in ICC T20 World Cup match: IGP Kashmir Vijay Kumar

— ANI (@ANI)

തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍‍, സൗര എന്നീ രണ്ട് സ്റ്റേഷനുകളില്‍ കേസുകള്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം ഇത്തരം നടപടികള്‍ ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് കശ്മീര്‍ നേതാക്കള്‍ രംഗത്ത് എത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ചുമത്തി കേസ് എടുക്കുന്നത് ശരിയല്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവരെ തിരുത്തണമെന്നും, മറ്റൊരു ടീമിനെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ ട്വീറ്റ് ചെയ്തു. 

അതേ സമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി. അതേ സമയം വീഡിയോ ശാസ്ത്രീയമായി പരിശോധിച്ച് പാക് അനുകൂല മുദ്രവാക്യം മുഴക്കിയവരെ തിരിച്ചറിയും എന്നാണ് പൊലീസ് പറയുന്നത്. 

click me!