ദേവീന്ദര്‍ സിംഗിന്‍റെ അറസ്റ്റ്: കേന്ദ്രത്തിനെതിരെ 4 ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Jan 16, 2020, 7:17 PM IST
Highlights

ഇയാള്‍ക്കെതിരായി ഫാസ്റ്റ്ട്രാക്ക് വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും. ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ രാജ്യദ്രോഹത്തിന് കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗ് അറസ്റ്റിലായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാറിനോട് സംഭവത്തില്‍ നാല് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്. സര്‍ക്കാര്‍ തീവ്രവാദി ഡി.എസ്.പി ദേവീന്ദര്‍ സിംഗിന്‍റെ കാര്യത്തില്‍ മൗനത്തിലാണ് എന്ന് രാഹുല്‍ ഗാന്ധി പറയുന്നു.

രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ കേന്ദ്രത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.

1. എന്ത് കൊണ്ട് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവര്‍ സംഭവത്തില്‍ നിശബ്ദരായിരിക്കുന്നു?

2. പുല്‍വാമ ഭീകരാക്രമണത്തില്‍ ദേവീന്ദര്‍ സിംഗിന്‍റെ പങ്ക് എന്താണ്?

3.  എത്രത്തോളം മറ്റ് തീവ്രവാദികളെ ഡിഎസ്പി ദേവീന്ദര്‍ സിംഗ് സഹായിച്ചിട്ടുണ്ട്?

4. ആരാണ് ഇയാളെ സംരക്ഷിച്ചത്,എന്തിന്?

ഇയാള്‍ക്കെതിരായി ഫാസ്റ്റ്ട്രാക്ക് വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും. ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ രാജ്യദ്രോഹത്തിന് കഠിനമായ ശിക്ഷ തന്നെ നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.

അതേ സമയം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന്‍റെ വീട്ടില്‍ നിന്ന് ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്‍റെ മാപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്. കരസേനയുടെ 15 കോപ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ മാപ്പാണ് ദേവീന്ദര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. 15 കോപ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ  മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെട്ടിട്ടുള്ള ഫുള്‍ ലൊക്കേഷന്‍ മാപ്പാണ് കണ്ടെത്തിയിരിക്കുന്നത്. 

കണക്കില്‍പ്പെടാത്ത 7.5 ലക്ഷം രൂപയും ദേവീന്ദര്‍ സിംഗിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. തെക്കന്‍ കശ്മീരിലെ വിവിധ മേഖലകളിലായി നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ദേവീന്ദര്‍ സിംഗിന്‍റെ അടുത്ത ബന്ധുക്കളുടെ വീടുകളിലും തിരച്ചില്‍ നടന്നിരുന്നു. 

ഭികരര്‍ക്കൊപ്പം അറസ്റ്റിലായതിന് പിന്നാലെ ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന് അടുത്തായി ദേവീന്ദര്‍ സിംഗ് വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. 2017 മുതലായിരുന്നു വീട് നിര്‍മ്മാണം ആരംഭിച്ചത്. 15 കോപ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ ഒരു മതില്‍ പങ്കുവക്കുന്ന രീതിയിലായിരുന്നു വീടിന്‍റെ നിര്‍മ്മാണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധുവിന്‍റെ വാടകവീട്ടിലായിരുന്നു.

click me!