Latest Videos

'ജമ്മുകശ്മീര്‍' ലോക്സഭയില്‍; രാഷ്ട്രപതിഭരണത്തെ എതിര്‍ത്ത് പ്രതിപക്ഷം

By Web TeamFirst Published Jun 28, 2019, 2:32 PM IST
Highlights

 തെരഞ്ഞെടുപ്പ‌് നടത്താൻ പറ്റിയ സാഹചര്യം ഇപ്പോൾ ജമ്മുകശ്മീരിൽ ഇല്ല എന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. ജമ്മുകശ്മീർ സംവരണ ഭേദഗതി ബില്ലും  ലോക്സഭയിൽ അവതരിപ്പിച്ചു. 

ദില്ലി:  ജമ്മുകശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക‌് കൂടി നീട്ടണമെന്ന പ്രമേയം ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ‌് നടത്താൻ പറ്റിയ സാഹചര്യം ഇപ്പോൾ ജമ്മുകശ്മീരിൽ ഇല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് ബോധപൂര്‍വ്വമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി . ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാൻ വാജ്പേയി തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മോദി സർക്കാർ തകിടം മറിച്ചെന്നും പ്രമേയത്തെ എതിര്‍ത്ത്  പ്രതിപക്ഷം ആരോപിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു. രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയത്തെ എതിർക്കുന്നതായി ആര്‍എസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ ചര്‍ച്ചയില്‍ പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസരം നൽകാതെയാണ് ജമ്മുകശ്മീർ നിയമസഭ പിരിച്ചുവിട്ടത്. ജമ്മുകശ്മീർ അതിർത്തി സംരക്ഷണത്തിന് കാണിക്കുന്ന താല്പര്യം അവിടുത്തെ ജനങ്ങളെ സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്നില്ലെന്ന‌ും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. 

ജമ്മുകശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഒരു നീക്കവും വിജയിക്കില്ലെന്ന‌് കോൺഗ്രസ് നേതാവ് മനീഷ് തിവാരി അഭിപ്രായപ്പെട്ടു. ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ കശ്മീരിലുള്ളത്. എത്രയും വേഗം തെരഞ്ഞെടുപ്പ‌് നടത്തി സർക്കാർ രൂപീകരിക്കണമെന്നും  കോൺഗ്രസ് ആവശ്യപ്പെട്ടു. 

ജമ്മുകശ്മീർ സംവരണ ഭേദഗതി ബില്ലും  അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ജമ്മുകശ്മീരിൽ തീവ്രവാദം തുടച്ചുനീക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ജമ്മുകശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതിയുള്‍പ്പെട്ടതാണ്  സംവരണ ബില്ല്.  നിയന്ത്രണ രേഖയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ സംവരണ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുള്ളത്.  

click me!