'വീട്ടുതടങ്കലിലല്ല, വീട്ടിലെ അതിഥിയെപോലെയാണ് അവര്‍ കഴിയുന്നത്'; കശ്മീരിലെ നേതാക്കളെക്കുറിച്ച് കേന്ദ്രമന്ത്രി

By Web TeamFirst Published Sep 22, 2019, 7:38 PM IST
Highlights

'വീട്ടുതടങ്കലിലല്ല പകരം വീട്ടിലെ അതിഥിയെപോലെയാണ് അവര്‍ കഴിയുന്നത്'

കശ്മീര്‍: ജമ്മുകശ്മീരില്‍ നേതാക്കളെ 18 മാസത്തില്‍ കൂടുതല്‍ കാലം വീട്ടുതടങ്കലില്‍ വെയ്ക്കില്ലെന്നും എല്ലാ സൗകര്യങ്ങളോടെയുമാണ് നിലവില്‍ അവര്‍ താമസിക്കുന്നതെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 'വീട്ടുതടങ്കലിലല്ല പകരം വീട്ടിലെ അതിഥിയെപോലെയാണ് അവര്‍ കഴിയുന്നത്. വിഐപി ബംഗ്ലാവിലാണ് അവരെയെല്ലാം താമസിപ്പിച്ചിരിക്കുന്നത്'. ഹോളീവുഡ് സിനിമകളുടെ സിഡികള്‍ അവര്‍ക്ക് കാണാന്‍ വേണ്ടി ഞങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു. 

പാക് അധിനിവേശ കശ്മീര്‍ തിരിച്ച് പിടിക്കലാണ് അടുത്ത അജന്‍ഡയെന്നും കശ്മീരിലെ ജനങ്ങള്‍ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് പിന്തുണയുമായി മുന്നോട്ട് വരുമെന്നും കഴിഞ്ഞ ദിവസം ജിതേന്ദ്ര സിംഗ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കലിലല്ല പകരം വീട്ടിലെ അതിഥിയെപോലെയാണ് നേതാക്കള്‍ കഴിയുന്നതെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. 

കഴിഞ്ഞ ഓഗസ്റ്റ് 5 നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഷ്ട്രപതി പ്രത്യേക അധികാരം ഉപയോഗിച്ച് കശ്മീരിന് സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370  റദ്ദാക്കിയെന്ന് രാജ്യസഭയെ അറിയിച്ചത്. നടപടിക്ക് പിന്നാലെ രണ്ടു മാസത്തോളമായി കശ്മീരില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലില്‍ വെയ്ക്കുന്നതിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. 

click me!