ദില്ലി: കസ്തൂരിരംഗൻ (Kasturirangan) അന്തിമ വിജ്ഞാപനം ഉടനില്ല. കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയേക്കും. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ സമവായം ആകാത്ത സാഹചര്യത്തിലാണ് ഇതെന്നാണ് സൂചന. നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ ( പരിസ്ഥിതി ലോല മേഖല) പരിധിയിലുള്ളത്.
ഈ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോല പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന്‍റെ പ്രതിഷേധം കണക്കിലെടുത്ത് ഉമ്മൻ വി ഉമ്മൻ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം ഇത് 9993.7 ചതുരശ്ര കിലോമീറ്ററായി കുറച്ച് 2018 ഡിസംബറിൽ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജനവാസ മേഖലയിൽ വരുന്ന 1337 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് ഇപ്പോൾ കേരളത്തിന്‍റെ ആവശ്യം.
എന്നാല്‍ ഈ പ്രദേശത്തെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം ഇറക്കാമെന്ന നിര്‍ദ്ദേശമായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ചത്. ഇത് കേരളം അംഗീകരിച്ചിട്ടില്ല. ഒഴിവാക്കേണ്ട പ്രദേശത്തെ കുറിച്ച് കേരളത്തോട് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രം തേടിയിരുന്നു. ഇക്കാര്യത്തിൽ സമവായത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് നിലവിലെ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ണാടകവും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam