മാതൃഭാഷ വേണ്ടെങ്കിൽ അത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; കസ്തൂരിരംഗൻ ഏഷ്യാനെറ്റ് ന്യൂസിനോട്

By Web TeamFirst Published Jul 30, 2020, 12:39 PM IST
Highlights

വിദ്യാഭ്യാസ നയം പത്ത് വര്‍ഷം കൊണ്ട് പതുക്കെ നടപ്പാക്കാനാണ് ലക്ഷ്യം. എങ്കിലും സാമ്പത്തികവും മാനവശേഷിയും ഉറപ്പാക്കി കഴിയുന്നതും വേഗം നടപ്പാക്കാനുള്ള ശ്രമവും ഉണ്ടാകുമെന്നാണ് ഡോ കസ്തൂരിരംഗൻ പറയുന്നത്.

ദില്ലി: പുതിയ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കാൻ പത്ത് വര്‍ഷമെടുക്കുമെന്ന് ഡോ കെ കസ്തൂരിരംഗൻ ഏഷ്യാനെറ്റ് ന്യൂസിനോട്. വിദ്യാഭ്യാസ
നയത്തിന്‍റെ കരട് തയ്യാറാക്കിയത് കസ്തൂരിരംഗൻ അദ്ധ്യക്ഷനായ സമിതിയാണ്. പ്രൈമറി ക്ളാസുകളിൽ മാതൃഭാഷയിൽ പഠനം എന്നത് പൊതുനയമാണെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്ക് ഉണ്ടാകുമെന്നും കസ്തൂരിരംഗൻ വ്യക്തമാക്കി.

വിദ്യാഭ്യാസ നയം പത്ത് വര്‍ഷം കൊണ്ട് പതുക്കെ നടപ്പാക്കാനാണ് ലക്ഷ്യം. എങ്കിലും സാമ്പത്തികവും മാനവശേഷിയും ഉറപ്പാക്കി കഴിയുന്നതും വേഗം നടപ്പാക്കാനുള്ള ശ്രമവും ഉണ്ടാകുമെന്നാണ് ഡോ കസ്തൂരിരംഗൻ പറയുന്നത്. ഘട്ടംഘട്ടമായി മാത്രമെ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനാകൂ. അത് എങ്ങനെ വേണം എന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രൈമറി ക്ളാസുകളിൽ മാതൃഭാഷ നിര്‍ബന്ധം എന്ന വിദ്യാഭ്യാസ നയത്തിലെ നിര്‍ദ്ദേശം സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കില്ല. ലോകത്താകെ 17 ശതമാനം പേര്‍ മാത്രമാണ് ഇംഗ്ളീഷ് സംസാരിക്കുന്നത്. സയൻസ് പോലുള്ള വിഷയങ്ങൾ മാതൃഭാഷയിൽ
തന്നെ മനസിലാക്കുന്നതാണ് നല്ലത്. എന്നാൽ ഇംഗ്ളീഷ് തന്നെ പഠിക്കണം എന്ന് പറഞ്ഞാൽ നയം അതിനെ തടയില്ല. അക്കാര്യം
തീരുമാനിക്കാൻ സംസ്ഥാന സര്‍ക്കാരുകൾക്ക് സ്വാതന്ത്ര്യം ഉണ്ടാകും.

ലോകത്തെ നൂറ്  വിദേശ സർവ്വകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നിർദ്ദേശം നയം ആവർത്തിക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം നൽകുമെന്ന് ഡോ കസ്തൂരിരംഗൻ വിശദീകരിച്ചു. 

click me!