
ദില്ലി: കർണാടകയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയാറെന്ന് കെസി വേണുഗോപാൽ എംപി. എല്ലാ തെളിവുകളും കാണിക്കാമെന്നും ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ വൻ അട്ടിമറി നടന്നെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. കർണാടകയിലെ ഒരു ലോക്സഭ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം കള്ളവോട്ട് ചേർത്തു എന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകൾ പുറത്തു വിട്ടായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. തുടർന്ന് വോട്ടർപട്ടിക ക്രമക്കേട് പ്രതിജ്ഞാ പത്രത്തിൽ എഴുതി നൽകാൻ ധൈര്യമുണ്ടോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വെല്ലുവിളിച്ചിരുന്നു. ഇത് ഏറ്റെടുക്കാൻ തയാറാണെന്നാണ് കെസി വേണുഗോപാൽ എംപി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയത്.
തെളിവുകൾ കാണിക്കാൻ തയാറാണ്. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കൃത്യമായി രേഖാമൂലം പരാതി നൽകുകയും ചെയ്യും. മൂക്കിനു മുൻപിൽ ഇത്രയും വെട്ടിപ്പ് നടന്നിട്ട് ഇങ്ങനെ പറയാൻ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷൻ നാണമില്ലേ? എന്തുകൊണ്ടാണ് ഇലക്ട്രോണിക് ഡേറ്റ തരാൻ കമ്മീഷൻ തയ്യാറാകാത്തത്? നാളെ കർണാടകത്തിൽ മാർച്ച് സംഘടിപ്പിക്കും. ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വെളിവാക്കിയത് ഒരു മണ്ഡലത്തിൽ മാത്രം നടന്ന കാര്യമാണ്. നൂറുകണക്കിന് മണ്ഡലങ്ങളിൽ ഇത് നടന്നിട്ടുണ്ട്. നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം കോടതിയിൽ കേസ് കൊടുക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam