
ദില്ലി: പൊതുസ്ഥലത്തുവെച്ച് യുവാവ് തനിക്ക് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗവും ചെയ്തെന്ന് യുവതിയുടെ പരാതി. മോഡലും കണ്ടന്റ് ക്രിയേറ്ററുമായ സോണി സിങ് എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഗുരുഗ്രാമിൽവെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് ഇവർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ടാക്സി കാത്തുനിൽക്കുമ്പോഴാണ് ഒരാൾ തന്റെ മുന്നിലെത്തി തുറിച്ച് നോക്കുകയും സ്വയംഭോഗം ചെയ്തതെന്നും ഇവർ പറഞ്ഞു.
യുവതി തന്റെ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. പൊലീസിനെയും വനിതാ ഹെൽപ്പ് ലൈനിനെയും വിളിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അവർ ആരോപിക്കുന്നു. സോണി സോഷ്യൽ മീഡിയയിൽ ദുരനുഭവം പങ്കുവെച്ചു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തനിക്ക് അറപ്പും അരക്ഷിതാവസ്ഥയും നിസ്സഹായതയും തോന്നി. പകൽ പോലും പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ഇപ്പോഴും സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇത്തരം വൃത്തികേടുകൾക്കെതിരെ കർശന നടപടി ആവശ്യമാണ്.
പൊതു ഇടങ്ങൾ സ്ത്രീകൾക്ക് സുരക്ഷിതമായിരിക്കണമെന്നും അവർ എഴുതി. വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കണമെന്ന് അവർ ആളുകളോട് അഭ്യർത്ഥിച്ചു. വീഡിയോ ഓൺലൈനിൽ പങ്കുവെച്ച് രണ്ട് ദിവസത്തിന് ശേഷം, ഗുരുഗ്രാം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അറിയിക്കുകയും ചെയ്തു. കുറ്റവാളിക്കായി തിരച്ചിൽ തുടരുകയാണെന്നും അയാളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് വക്താവ് സന്ദീപ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ അവർക്ക് ഏകദേശം 40,000 ഫോളോവേഴ്‌സ് ഉള്ള ഇൻഫ്ലുവൻസറാണ് സോണി സിങ്.