കോണ്‍ഗ്രസ് അധ്യക്ഷനെ അടുത്ത എഐസിസി യോഗത്തില്‍ തെരഞ്ഞെടുത്തേക്കും; കെ സി വേണുഗോപാല്‍

By Web TeamFirst Published Aug 15, 2019, 11:46 AM IST
Highlights

നിയമ സഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പോ ശേഷമോ എ ഐ സി സി സമ്മേളനം ചേരുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 
 

ദില്ലി: അടുത്ത എ ഐ സി സി സമ്മേളനത്തിൽ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തേക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. നിയമ സഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പോ ശേഷമോ എ ഐ സി സി സമ്മേളനം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

സമ്മേളനത്തിൽ വെച്ച് പാര്‍ട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയോ, സംഘടനാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയോ ചെയ്തേക്കാമെന്നാണ് കെ സി വേണുഗോപാല്‍ അറിയിച്ചത്.   താന്‍  അധ്യക്ഷപദം ഒഴിഞ്ഞതായി ജൂലൈ ആറിനാണ് രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചത്.  തുടര്‍ന്ന് നിരവധി ചര്‍ച്ചകള്‍ പാര്‍ട്ടിതലത്തില്‍ നടത്തിയെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്താനായില്ല. ഇത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഒടുവില്‍ ഓഗസ്റ്റ് 10ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടർന്ന് ദുർബലമായ പാർട്ടിയെ നയിക്കാൻ പ്രവർത്തന പരിചയുമുള്ളയാൾ വരണമെന്ന അഭിപ്രായത്തെ തുടർന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്.   പ്രവർത്തക സമിതിയിൽ മൂന്ന് പ്രമേയങ്ങളാണ് അവതരിപ്പിച്ചത്. രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണമെന്നതായിരുന്നു  ആദ്യ പ്രമേയം. രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാം പ്രമേയം. സോണിയയെ അധ്യക്ഷയാക്കാൻ അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു അവസാനത്തെ പ്രമേയം. 

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താത്തതില്‍ പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്ഷുഭിതനായ രാഹുല്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. നെഹ്റു കുടുംബത്തില്‍ നിന്ന് ആരും എത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലേയെന്ന് രാഹുല്‍ യോഗത്തില്‍ ചോദിച്ചതായും  റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

click me!