എല്ലാ സേനകൾക്കും ഒരൊറ്റ മേധാവി: സ്വാതന്ത്ര്യദിനത്തിൽ നിർണായക പ്രഖ്യാപനവുമായി മോദി

By Web TeamFirst Published Aug 15, 2019, 11:40 AM IST
Highlights

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്ന ആശയം ആദ്യം ഉയർന്നു വരുന്നത് കാർഗിൽ യുദ്ധകാലത്തിന് ശേഷമാണ്. 1999-ൽ സേനയുടെ സമഗ്ര അഴിച്ചുപണിയ്ക്കായി രൂപീകരിക്കപ്പെട്ട സമിതിയാണ് ഈ നിർദേശം മുന്നോട്ടു വച്ചത്. 

ദില്ലി: എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനത്തിൽ സേനകളുടെ അധികാരവിന്യാസത്തിൽ സമഗ്രമാറ്റം വരുന്ന നിർണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര, നാവിക, വ്യോമ സേനകൾക്കായി ഒരൊറ്റ തലവനെ നിയമിക്കുമെന്ന് സ്വാതന്ത്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സർവസേനാ മേധാവി) എന്നായിരിക്കും ആ പദവിയുടെ പേര്. 

''നമ്മുടെ സേന നമ്മുടെ അഭിമാനമാണ്. മൂന്ന് സേനകൾക്കുമിടയിലുള്ള ആശയവിനിമയവും, പ്രവർത്തനത്തിന്‍റെ ഏകോപനവും സമഗ്രമാക്കാനാണ്, എന്‍റെ ഈ പ്രഖ്യാപനം. ഇനി മുതൽ ഇന്ത്യയ്ക്ക് ഒരു സർവസേനാ മേധാവിയുണ്ടാകും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നതാകും ഈ പദവിയുടെ പേര്'', ചെങ്കോട്ട പ്രസംഗത്തിൽ മോദിയുടെ പ്രഖ്യാപനം. 

കൃത്യം എട്ട് മണിയ്ക്ക് തന്നെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തി. ശേഷം 93 മിനിറ്റ് നീണ്ടു നിന്ന പ്രസംഗം. 

'സർവസേനാ മേധാവി' എന്നാലെന്ത്?

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവി പുതുതായി രൂപീകരിക്കണമെന്ന ആശയം ഉയർന്നുവന്നത് ആദ്യം ഉയർന്നു വരുന്നത് കാർഗിൽ യുദ്ധകാലത്തിന് ശേഷമാണ്. 1999-ൽ സേനയുടെ സമഗ്ര അഴിച്ചുപണിയ്ക്കായി രൂപീകരിക്കപ്പെട്ട സമിതിയാണ് ഈ നിർദേശം മുന്നോട്ടു വച്ചത്. 

കര, നാവിക, വ്യോമ സേനാമേധാവികളേക്കാൾ ഉയർന്ന പദവിയാണിത്. സായുധ സേനകളും പ്രധാനമന്ത്രിയ്ക്കുമിടയിൽ ഏകോപനത്തിനായുള്ള സുപ്രധാന വ്യക്തിയാകും സർവസേനാമേധാവി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, പ്രതിരോധച്ചെലവുകൾ മുതൽ സേനാവിന്യാസം വരെ, എല്ലാം ഈ ഒരു വ്യക്തിയുടെ മേൽനോട്ടത്തിലാകും നടക്കുക. 

കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവുകളും, സുരക്ഷാ വീഴ്‍ചകളും, പാളിച്ചകളും, ബലഹീനതകളും പഠിച്ച് വിലയിരുത്താൻ രൂപീകരിച്ച സമിതിയാണ് സർവസേനാ മേധാവിയെന്ന ആശയം മുന്നോട്ടു വച്ചത്. പാക് നുഴഞ്ഞു കയറ്റക്കാർ എങ്ങനെയാണ് കാർഗിൽ മലനിരകളിലേക്ക് എത്തിയതെന്നും, എന്തുകൊണ്ട് നമ്മുടെ ഇന്‍റലിജൻസ് സംവിധാനങ്ങൾക്ക് ഇത് കണ്ടെത്താനായില്ലെന്നതും സമിതി പഠിച്ചിരുന്നു. 

ഇതിന് ശേഷം സമിതി മുന്നോട്ടുവച്ച നിർദേശം, പ്രതിരോധമന്ത്രിയുടെ ഉപദേശകനായിരിക്കണം സർവസേനാമേധാവി എന്നതാണ്. ഈ ആശയത്തെ ആദ്യ മോദി മന്ത്രിസഭയിലെ ആദ്യ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ സർവാത്മനാ പിന്തുണയ്ക്കുകയും ചെയ്തതാണ്. 

കാർഗിൽ യുദ്ധം വിലയിരുത്തിയ സമിതിയുടെ റിപ്പോർട്ട്, അന്നത്തെ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല ഉപസമിതി പഠിച്ച ശേഷം അംഗീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാ ഈ ആശയം പിന്നീടങ്ങോട്ട് നടപ്പായില്ല. രാഷ്ട്രീയ നേതൃത്വത്തിലും സേനയുടെ ഉന്നതതലങ്ങളിലുമുള്ള ആശയഭിന്നതകളെത്തുടർന്നാണ് നിർദേശം നടപ്പാകാതിരുന്നത്. 

നിലവിൽ സേനാമേധാവികളുടെ സമിതിയുടെ അധ്യക്ഷൻ എയർ ചീഫ് മാർഷൽ ബിരേന്ദർ സിംഗ് ധനോവയാണ്. ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന പദവിയ്ക്ക് സമാനമായ അധികാരങ്ങൾ നിലവിൽ ഈ പദവിക്കില്ല. 

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കാർഗിൽ യുദ്ധകാലത്ത് കരസേനാമേധാവിയായിരുന്ന ജനറൽ വേദ് പ്രകാശ് മാലിക് സ്വാഗതം ചെയ്തു. ഇത് രാജ്യസുരക്ഷയ്ക്ക് അടിത്തറയേകുന്ന സുപ്രധാനപ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

കൂടുതൽ വായിക്കാം: രാജ്യത്തിന് ഇനി ഒരു സൈനികമേധാവി; ചുമതല സേനാനവീകരണം

കശ്മീരും പ്രധാനവിഷയം

കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയതിലൂടെ  കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

കൂടുതൽ വായിക്കാം: 'ഒരു രാജ്യം ഒരു ഭരണഘടന' നടപ്പാക്കി; ഇനിയുള്ളത് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ലക്ഷ്യമെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും ആ തീരുമാനം മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്‍റെ  അടുത്ത ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ജനതയാണ് 2019 തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, മോദിയല്ല. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ ഈ നിമിഷം ആദരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജൽ ജീവൻ മിഷൻ നടപ്പാക്കും.   ജനപിന്തുണയുണ്ടങ്കില്വി‍ മാത്രമേ സർക്കാർ സംരംഭങ്ങൾ വിജയിക്കൂ. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്കരണം ലക്ഷ്യം കാണില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കൂടുതൽ വായിക്കാം: പത്ത് ആഴ്ച കൊണ്ട് എടുത്തുകളഞ്ഞത് 60 നിയമങ്ങള്‍; അവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവയായിരുന്നെന്നും പ്രധാനമന്ത്രി

click me!