
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിൻ്റെ അനന്തരവനും രാജ്യസഭാ എംപിയുമായ ജെ സന്തോഷ് റാവു, ലിംഗ റെഡ്ഡി ശ്രീധർ എന്നിവർക്കെതിരെ ബഞ്ചാര ഹിൽസിൽ 40 കോടി രൂപ വിലമതിക്കുന്ന 1,350 ചതുരശ്രയടി ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ദില്ലി മദ്യനയക്കേസിൽ മകൾ കവിതയെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബന്ധുവിനെതിരെയും പരാതി. നവയുഗ എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (എൻഇസിഎൽ) വ്യാഴാഴ്ച നൽകിയ പരാതിയിലാണ് കേസ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബഞ്ചാര ഹിൽസിലെ റോഡ് നമ്പർ 14-ലെ ഭൂമി ഇരുവരും തട്ടിയെടുത്തെന്നാണ് പരാതി. ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 420, 468, 471,447, 120(ബി) എന്നിവ പ്രകാരം കേസെടുത്തതായി എസിപി (ബഞ്ചാര ഹിൽസ്) എസ് വെങ്കട്ട് റെഡ്ഡി പറഞ്ഞു.
970 സ്‌ക്വയർ യാർഡും 380 സ്‌ക്വയർ യാർഡുമായി രണ്ട് ഭാഗങ്ങളായി ഭൂമിയുടെ ഉടമസ്ഥരായ ദമ്പതികളിൽ നിന്ന് 2010 ജൂലൈയിൽ 129/54 സർവേ നമ്പരിലുള്ള പ്ലോട്ട് കമ്പനി വാങ്ങിയതായി എൻഇസിഎൽ പ്രതിനിധി ചിന്താ മാധവ് പരാതി നൽകിയതായി പൊലീസ് പറഞ്ഞു. വാങ്ങുന്ന സമയത്ത്, അവർ 30 വർഷത്തേക്ക് രണ്ട് പ്ലോട്ടുകൾക്കായി ഇസി നേടിയിരുന്നു. അടുത്തിടെ, വസ്തുവിൽ രണ്ട് മുറികൾ നിർമ്മിച്ചതായി കണ്ടെത്തി.
അന്വേഷണത്തിൽ ജെ സന്തോഷ് റാവുവും ലിംഗ റെഡ്ഡിയും ഡോർ നമ്പർ കെട്ടിച്ചമച്ച് നികുതി അടയ്ക്കുന്നതായി കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. കൈയേറ്റ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് എംപി സന്തോഷ് രംഗത്തെത്തി. താൻ 2016 ൽ നിയമപരമായി ഭൂമി വാങ്ങിയെന്നും അതിനുശേഷം ഒരു തർക്കവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More... ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം പോയി: കെ സുരേന്ദ്രൻ
എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ, ആദ്യം നിയമപരമായ നോട്ടീസ് നൽകണം, എന്നാൽ അത്തരം നടപടിക്രമങ്ങളൊന്നും പാലിക്കാതെ, വ്യാജ രേഖകൾ ഉപയോഗിച്ച് ഞാൻ ഭൂമി തട്ടിയെടുത്തുവെന്നാരോപിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam