
ദില്ലി: നരേന്ദ്രമോദിയെന്ന താര പ്രചാരകന് മുന്നിൽ നിന്ന് വഴി മാറി നടന്ന് നേടിയ മിന്നുന്ന വിജയം. ദില്ലി തെരഞ്ഞെടുപ്പിൽ കെജ്‍രിവാളെന്ന നേതാവിന്‍റെ നേട്ടം മോദിയുടെ കളമറിഞ്ഞ് കളിച്ചതാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. വ്യക്തിപരമായ കടന്നാക്രമണങ്ങളെ വളര്‍ച്ചക്കുള്ള വളമാക്കുന്നതാണ് നരേന്ദ്ര മോദിയുടെ ശൈലിയെന്ന് തിരിച്ചറിയുന്നിടത്തായിരുന്നു എന്നും ദില്ലിയിലെ ആം ആദ്മിയുടെ ജയപരാജയങ്ങളെന്നതും സമീപകാല ചരിത്രം.
ചൂല് ആയുധമാക്കി ദില്ലി രാഷ്ട്രീയം തൂത്തുവാരാനിറങ്ങിയ കെജ്‍രിവാൾ ആദ്യം ഓങ്ങിയത് സ്വാഭാവികമായും നരേന്ദ്രമോദിയെയും ബിജെപിയേയും ആയിരുന്നു. കടുത്ത വിമര്‍ശനങ്ങൾ, വ്യക്തിപരമായ കടന്നാക്രമണങ്ങൾ . പക്ഷെ എന്തും ഏതും ആയുധമാക്കിയായിരുന്നു നരേന്ദ്രമോദിയുടെ നീക്കം. വിവാദങ്ങള്‍ വഴി വളര്‍ച്ചയിലേക്കുള്ള വഴിയാക്കി മാറ്റിയെടുത്ത് നരേന്ദ്രമോദി പയറ്റുന്ന രാഷ്ട്രീയം പാര്‍ലെമെന്‍റ് തെരഞ്ഞെടുപ്പ് തെരെഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ പൂര്‍ണ്ണമായും കെജ്‍രിവാളിന് പിടികിട്ടി. അത് വരെ നടന്ന വഴിയിൽ നിന്ന് പൊടുന്നനെ യുടേണടിച്ച കെജ്‍രിവാൾ പിന്നെ ഊന്നിയത് ദില്ലിയുടെ വികസനത്തിലും പ്രാദേശിക രാഷ്ട്രീയത്തിലും മാത്രമാണ്.
തുടര്‍ന്ന് വായിക്കാം: 'ഞാന്‍ മകനാണോ തീവ്രവാദിയാണോയെന്ന് ദില്ലിയിലെ ജനങ്ങൾ തീരുമാനിക്കും': അരവിന്ദ് കെജ്രിവാൾ...
സാമ്പ്രദായിക രാഷ്ട്രീയ ചട്ടക്കൂടുകൾ പൊളിച്ചെഴുതി 2015 ൽ ചുവടുറപ്പിച്ച കെജ്‍രിവാൾ പിന്നീടിങ്ങോട്ട് വീണും വാണും ജനകീയ മുഖ്യമന്ത്രി പദത്തിലേക്ക് നടന്ന് കയറിയെത്താൻ വര്‍ഷങ്ങളെടുത്തു. വീറും വാശിയും നിറഞ്ഞ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഷെഹിൻബാഗും പൗരത്വ നിയമ ഭേദഗതിയും ബിജെപി ആയുധമാക്കിയപ്പോൾ ആംആദ്മി പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് എത്തിച്ച് പ്രതിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും നേട്ടങ്ങളും നരേന്ദ്രമോദിയും അമിത്ഷായും പ്രചരണ വേദിയിലേക്ക് കൊണ്ടുവന്നപ്പോൾ ജനകീയ മുഖ്യമന്ത്രി എന്ന പദവിയിലേക്ക് ഉയര്‍ന്ന് നിന്ന കെജ്‍രിവാൾ ദില്ലിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് ബിജെപിയോട് തിരിച്ച് ചോദിച്ചു.
തുടര്‍ന്ന് വായിക്കാം: 'മോദി എന്റെയും പ്രധാനമന്ത്രി, ഇവിടുത്തെ തെരഞ്ഞെടുപ്പിൽ പാകിസ്ഥാൻ ഇടപെടേണ്ട'; പാക് മന്ത്രിക്കെതിരെ കെ...
തീവ്രവാദി പ്രയോഗവും ഹിന്ദുവല്ലെന്നതടക്കം ബിജെപി ആക്രമണങ്ങളും മറികടക്കാനും ഉണ്ടായിരുന്നു കെജ്‍രിവാളിന് മുന്നിൽ തന്ത്രങ്ങൾ. ഹനുമാൻ ചാലിസ ചൊല്ലിയും ചുവന്ന കുറിയും,ക്ഷേത്ര ദർശനവും അടക്കം ഉള്ള നമ്പറുകളുമായും കെജ്‍രിവാൾ കളം കീഴടക്കി. എല്ലാറ്റിനും പുറമെ വെള്ളം വൈദ്യുതി പൊതു ഗതാഗതം വിദ്യാഭ്യാസം തുടങ്ങിയ പൊതു വികസന പ്രശ്നങ്ങളിൽ സാധാരണക്കാരന്‍റെ മനസറിഞ്ഞുള്ള ക്രിയാത്മക ഇടപെടലുകൾ കൂടിയായപ്പോൾ ദില്ലിമനം കെജ്‍രിവാളിന് കൂടെയായി
ദേശീയതയും പൗരത്വവും പറഞ്ഞ് ഇന്ദ്രപ്രസ്ഥം പിടിക്കാമെന്ന ബിജെപി പ്രതീക്ഷക്ക് കൂടിയാണ് ജനകീയതയും പ്രാദേശിക രാഷ്ട്രീയവും മാത്രം പറഞ്ഞ് കെജ്‍രിവാൾ മറുപടി നൽകുന്നത് എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam