ദില്ലി: ബിജെപി എംപി പർവേശ് വർമയുടെ തീവ്രവാദി പരാമര്‍ശത്തില്‍ പ്രതികരണവുമായി എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ ജനങ്ങൾക്ക് എങ്ങനെ തന്നെ തീവ്രവാദിയെന്ന് വിളിക്കാനാകുമെന്ന് കെജ്രിവാൾ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഞാൻ എങ്ങനെ തീവ്രവാദിയാകും? എല്ലാവര്‍ക്കും മരുന്നുകള്‍ നല്‍കി.. ദരിദ്രർക്കുവേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തു. ഒരിക്കല്‍ പോലും എന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. രാജ്യത്തിനായി ജീവന്‍ പോലും നല്‍കാന്‍ താന്‍ തയ്യാറാണ്"- കെജ്രിവാൾ പറഞ്ഞു.

തന്റെ രോഗം പോലും മറന്നാണ് ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതെന്നും കെജ്രിവാള്‍ പറഞ്ഞു. പ്രമേഹരോഗിയായ തനിക്ക് ദിവസം നാലുതവണ ഇന്‍സുലിന്‍ എടുക്കണം. രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നതായും കെജ്രിവാൾ കൂട്ടിച്ചേർത്തു.

"എനിക്ക് വേണമെങ്കിൽ  വിദേശത്തേക്ക് പോകാമായിരുന്നു. എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അങ്ങനെ ചെയ്തിട്ടുണ്ട്. ഞാൻ എന്റെ ജോലി ഉപേക്ഷിച്ചു ... ഒരു തീവ്രവാദി ഇതെല്ലാം ചെയ്യുമോ?" കെജ്രിവാൾ ചോദിച്ചു. താൻ മകനാണോ സഹോദരനാണോ തീവ്രവാദിയാണോ എന്ന് ദില്ലിയിലെ ജനങ്ങൾ തീരുമാനിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. 

Read Also: കെജ്‍രിവാളിനെ 'തീവ്രവാദി'യെന്ന് വിളിച്ച് ബിജെപി എംപി; തെര.കമ്മീഷന്‍റെ നടപടിക്ക് ശേഷവും പര്‍വേശ് വെര്‍മയുടെ വിദ്വേഷപ്രസംഗം

പടിഞ്ഞാറന്‍ ദില്ലിയിലെ പ്രചാരണ യോഗത്തിലായിരുന്നു പര്‍വേശിന്‍റെ വിദ്വേഷ പ്രസംഗം. പാകിസ്ഥാനിലെ തീവ്രവാദികളുമായി കശ്മീരില്‍ യുദ്ധം ചെയ്യുന്നതുപോലെയാണ് കെജ്രിവാളിനെപോലുള്ള തീവ്രവാദികളോടുള്ള യുദ്ധമെന്നായിരുന്നു ബിജെപി എംപിയുടെ വാക്കുകള്‍. കെജ്രിവാള്‍ ഷഹീന്‍ ബാഗിലേക്ക് ഒരിക്കല്‍ കൂടി വന്നാല്‍ ജനങ്ങള്‍ തെരുവിലൂടെ നടത്തിക്കുമെന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് 1990 ല്‍ കശ്മീരില്‍ സംഭവിച്ചതിന് സമാനമായ അവസ്ഥയാകുമതെന്നും പര്‍വേശ് പ്രസംഗിച്ചിരുന്നു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന്‍റെ പേരില്‍ പര്‍വേശിനെതിരെ കമ്മീഷന്‍ നടപടിയെടുത്തിരുന്നു. ബിജെപിയുടെ താരപ്രചാരക പട്ടികയില്‍ നിന്ന് പര്‍വേശിനെ നീക്കം ചെയ്യ്തിരുന്നു. ഷെഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ മറ്റുള്ളവരുടെ വീടുകളില്‍ കയറി  പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു അന്ന് പര്‍വേശ് പറഞ്ഞത്.