വായു മലിനീകരണത്തിന്‍റെ പേരില്‍ ജനങ്ങളെ പഴിക്കേണ്ടെന്ന് കെജ്‍രിവാള്‍

By Web TeamFirst Published Nov 1, 2019, 10:02 PM IST
Highlights
  • ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം
  • ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ദില്ലി: ദില്ലിയിലെ വായുമലിനീകരണത്തിന്‍റെ പേരില്‍ ജനങ്ങളെ പഴിക്കേണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. പഞ്ചാബിലെയും ഹരിയാനയിലെയും പാടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നത് വ്യാപകമാകുന്നതാണ് നഗരത്തിലെ രൂക്ഷമായ വായുമലിനീകരണത്തിന് കാരണമെന്ന് കെജ്‍രിവാള്‍ പറഞ്ഞു. 

ദില്ലി ഗ്യാസ് ചേംബറായി മാറിയെന്നും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ മാസ്കുകള്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു. വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ദില്ലിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നവംബർ 5 വരെ ദില്ലിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും ഇപിസിഎ ഉത്തരവിട്ടു. ശീതകാലം കഴിയുന്നത് വരെ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഉത്തർപ്രദേശ്, ഹരിയാന, ദില്ലി സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഇപിസിഎ നോട്ടീസ് നൽകിയിട്ടുണ്ട്. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം തോത് വ്യാഴാഴ്ച വൈകിട്ടോടെ അതീവ് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 

click me!