
തിരുവനന്തപുരം: ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് കേരളത്തെയും ക്ഷണിച്ച് തമിഴ്നാട് സർക്കാർ. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐടി മന്ത്രി പഴനിവേൽ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യൻ എംപിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ക്ഷണക്കത്ത്, കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തിന്റെ പിന്തുണ ഉറപ്പ് നൽകിയ പിണറായി, സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന വാഗ്ദാനം നൽകി. ഈ മാസം 22ന് നടക്കുന്ന സമ്മേളനത്തിലേക്ക് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ഒഡീഷ,പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും ആണ് സ്റ്റാലിൻ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മുതിർന്ന മന്ത്രി പങ്കെടുക്കാനാണ് സാധ്യത.
അതേ സമയം, മാർച്ച് 22ന് നടക്കുന്ന യോഗത്തിൽ കർണാടകയുടെ പ്രതിനിധിയായി ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പങ്കെടുക്കും. ബുധനാഴ്ച ബംഗളൂരുവിൽ തമിഴ്‌നാട് വനം മന്ത്രി കെ. പൊൻമുടി, എം.എം. അബ്ദുല്ല എംപി എന്നിവർ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ശിവകുമാറിനെയും കണ്ടിരുന്നു. ഇതിനു പിന്നാലെ പരസ്യ പിന്തുണ അറിയിച്ച സിദ്ധരാമയ്യ, സ്റ്റാലിന് ഇതുസംബന്ധിച്ച ഔദ്യോഗിക കത്തും അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam