ചന്ദനക്കടത്ത് പിടികൂടാനെത്തിയ കേരള വനംവകുപ്പ് ഉദ്യോഗസ്ഥരെ ആന്ധ്രയിലെ വനപാലകര്‍ തടഞ്ഞു

By Web TeamFirst Published Jun 17, 2019, 3:36 PM IST
Highlights

ചിറ്റൂരിലെ അനധികൃത ചന്ദനഫാക്ടറി കണ്ടെത്തിയ കേരള വനപാലകസംഘം 200 കിലോ ചന്ദനവും ഇവിടെ നിന്നും പിടികൂടി. എന്നാല്‍ ഇതിനിടെ ഇവിടെ എത്തിയ ആന്ധ്രാപ്രദേശ് വനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ റെയ്ഡ് നടത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ് കേരളസംഘത്തെ പിടിച്ചുവയ്ക്കുകയായിരുന്നു. 

മറയൂര്‍: ചന്ദനക്കടത്തിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ തടഞ്ഞുവച്ചു. ആന്ധ്രാപ്രദേശ് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കേരളത്തിലെ ഉദ്യോഗസ്ഥരെ തടഞ്ഞത്. കേരളത്തിലേക്കുള്ള ചന്ദനക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഒടുവിലാണ് വനപാലകസംഘം ആന്ധ്രയില്‍ എത്തിയത്.

ഇടുക്കി മറയൂരിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ഷുഹൈബ് എന്നയാളെ വനപാലകര്‍ പിടികൂടിയിരുന്നു. ചന്ദനക്കടത്തിലെ മുഖ്യകണ്ണിയായ ഷുഹൈബുമായി ആന്ധ്രയില്‍ തെളിവിന് പോയ മൂന്നാര്‍, മറയൂര്‍ ഡിഎഫ്ഒമാര്‍ അടക്കമുള്ള 21 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥരെയാണ് ആന്ധ്രാപ്രദേശിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചു വച്ചത്. 

ചിറ്റൂരിലെ അനധികൃത ചന്ദനഫാക്ടറി കണ്ടെത്തിയ കേരള വനപാലകസംഘം 200 കിലോ ചന്ദനവും ഇവിടെ നിന്നും പിടികൂടി. ചിറ്റൂര്‍ ഡിഎഫ്ഒയെ വിവരം അറിയിച്ച ശേഷമാണ് ഇവര്‍ അവിടേക്ക് പുറപ്പെട്ടത്.   എന്നാല്‍ ഇതിനിടെ ഇവിടെ എത്തിയ ആന്ധ്രാപ്രദേശ് വനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ റെയ്ഡ് നടത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ് കേരളസംഘത്തെ പിടിച്ചുവയ്ക്കുകയായിരുന്നു. 

പരിശോധന നിയമവിരുദ്ധമാണെന്നും ചന്ദനം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും ആന്ധ്രയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് കേരളത്തിലെ ഉദ്യോഗസ്ഥരെ പിന്നീട് വിട്ടയച്ചെങ്കിലും അനധികൃത ചന്ദനഫാക്ടറി പൂട്ടാനോ കണ്ടെത്തിയ ചന്ദനം പിടിച്ചെടുക്കാനോ ഇവര്‍ തയ്യാറായില്ല. പ്രതികളുടെ ഉന്നത സ്വാധീനം മൂലമാണ് ആന്ധ്രയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ കേരളത്തിലെ ഉദ്യോഗസ്ഥരെ തടഞ്ഞുവയ്ക്കാന്‍ ഇറങ്ങിയതെന്നാണ് സൂചന. 
 

click me!