
ദില്ലി: രാജ്യ തലസ്ഥാനത്തെ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പൂർണമാകുമ്പോൾ കോൺഗ്രസിന് വലിയ നിരാശയാണ്. 250 സീറ്റുകളിൽ കേവലം ഒമ്പത് സീറ്റുകളിലാണ് കോൺഗ്രസിന് ജയം നേടാനായത്. രണ്ടക്കം കടക്കാൻ പോലുമായില്ലെന്ന ഞെട്ടലിൽ നിക്കുമ്പോൾ ആശ്വസിക്കാൻ വലുതായൊന്നുമില്ല. അതിനിടിയിലാണ് അബുള്‍ ഫസല്‍ എൻക്ലേവ് വാർഡിൽ നിന്ന് ഒരു ആശ്വാസ വാർത്ത എത്തുന്നത്. കോൺഗ്രസിനൊപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കുടുംബത്തിനും സന്തോഷത്തിന് വകയുണ്ട്. കോൺഗ്രസ് ആകെ ജയിച്ച ഒമ്പത് വാർഡുകളിൽ ഒന്ന് അബുള്‍ ഫസല്‍ എൻക്ലേവാണ്. ഇവിടെ മിന്നും ജയം നേടിയതാകട്ടെ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രിയാണ്. കോണ്‍ഗ്രസ് ടിക്കറ്റിൽ മത്സരിച്ച ആരിബ ഖാൻ എ എ പി സ്ഥാനാർത്ഥിയെയാണ് പരാജയപ്പെടുത്തിയത്. 1479 വോട്ടുകളുടെ ഭൂരിപക്ഷമാണ് ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ അരിബ നേടിയത്. ആരിബയുടെ പിതാവായ ആസിഫ് ഖാൻ സ്ഥലത്തെ മുൻ കോൺഗ്രസ് എം എൽ എ ആയിരുന്നു.
ദില്ലിയിലെ ഓഖ്‌ല നിയമസഭാ മണ്ഡലത്തിന്‍റെ പരിധിയിൽ വരുന്ന വാർഡാണ് അബുള്‍ ഫസല്‍ എൻക്ലേവ്. കോൺഗ്രസിനായി ആരിബ ഖാൻ പോരിനിറങ്ങിയപ്പോൾ ആം ആദ്മി പാർട്ടിക്ക് വേണ്ടി വാജിദ് ഖാനും ബി ജെ പിക്ക് വേണ്ടി ചരൺ സിംഗുമാണ് കളത്തിലെത്തിയത്. മൊത്തം ഏഴ് സ്ഥാനാർഥികളാണ് വാർഡിൽ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആരിബ ഖാന് മിന്നും ജയമാണ് അബുള്‍ ഫസല്‍ എൻക്ലേവ് വാർഡിലെ ജനങ്ങൾ സമ്മാനിച്ചത്.
അതേസമയം തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത ചരിത്രത്തിലാധ്യമായി ട്രാന്‍സ്ജെന്‍ഡർ സ്ഥാനാർത്ഥി ദില്ലി കോർപ്പറേഷൻ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ്. ബോബി സുല്‍ത്താൻപുരി ജനതയാണ് ബോബി കിനാറിന് ഗംഭീര വിജയം സമ്മാനിച്ച് ചരിത്രമെഴുതിയത്. എ എ പിയുടെ സ്ഥാനാർഥിയായെത്തിയ ബോബി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വരുണ ധാക്കയെ 6714 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ദില്ലി മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായാണ് ട്രാൻസ്ജെൻഡര്‍ സ്ഥാനാത്ഥി വിജയിക്കുന്നത്. എനിക്ക് വേണ്ടി കഠിനമായി പ്രയത്നിച്ചവര്‍ക്ക് ഞാൻ വിജയം സമര്‍പ്പിക്കുന്നു. പ്രദേശത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നുമാണ് ബോബി പ്രതികരിച്ചത്. 2017-ൽ മുൻസിപ്പൽ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി ബോബി മത്സരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam