Latest Videos

അഞ്ചാം ക്ലാസുകാരിയുടെ മുഖത്ത് ചായം പൂശി പ്രേതരൂപമാക്കി, കഴുത്തിൽ ചെരുപ്പുമാല തൂക്കി; മോഷണം ആരോപിച്ച് ക്രൂരത

By Web TeamFirst Published Dec 7, 2022, 8:34 PM IST
Highlights

400 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പരേഡ് നടത്തിയതായി പരാതി

ഭോപ്പാൽ: 400 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പരേഡ് നടത്തിയതായി പരാതി. സംഭവത്തിൽ മധ്യപ്രദേശ് ബേതുൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.  ബേതുൽ ജില്ലയിലെ ദംജിപുര ഗ്രാമത്തിലെ സർക്കാർ ആദിവാസി പെൺകുട്ടികളുടെ ഹോസ്റ്റലിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. 

പെൺകുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച ജില്ലാ കളക്ടർ അമൻവീർ സിംഗ് ബെയ്ൻസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ക്രുരമായ സംഭവത്തിന്റെ വിവരങ്ങൾ പുറത്തുന്നത്.  അതിനിടെ, പെൺകുട്ടിയോട് ക്രൂരമായി പെരുമാറിയ വനിതാ സൂപ്രണ്ടിനെ തൽ സ്ഥാനത്ത് നിന്ന് നീക്കിയതായി ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥ  അറിയിച്ചതായി പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. 

ദംജിപുരയിലെ ട്രൈബൽ അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന ഹോസ്റ്റലിൽ മകളെ കാണാൻ പോയപ്പോഴാണ് പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. ഹോസ്റ്റലിലെ  സഹ താമസക്കാരിയിൽ നിന്ന്  400 രൂപ മോഷ്ടിച്ചുവെന്ന് ആരോപണം ഉയ‍ര്‍ന്നു. ഇതിന്റെ ശിക്ഷയായി പെൺകുട്ടിയുടെ മുഖത്ത് പ്രേതത്തെപ്പോലെ  ചായങ്ങൾ ചാ‍ര്‍ത്തി, ചെരുപ്പുമാല അണിയിച്ച് ഹോസ്റ്റലിൽ ചുറ്റി പരേഡ് ചെയ്യാൻ നിർബന്ധിച്ചു എന്നുമാണ് പെൺകുട്ടി പിതാവിനോട് പറഞ്ഞത്. 

Read more: 'പറഞ്ഞത് അനുസരിച്ചില്ല, പിരിവും കൊടുത്തില്ല'; സര്‍ക്കാര്‍ ജീവനക്കാരന് ബിജെപി കൌണ്‍സിലറുടെ മര്‍ദ്ദമെന്ന് പരാതി

സംഭവത്തിന് ശേഷം ശേഷം മകൾ ഹോസ്റ്റലിൽ താമസിക്കാൻ തയ്യാറായില്ലെന്നും പിതാവ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് ഹോസ്റ്റൽ സൂപ്രണ്ടിനെ തൽ സ്ഥാനത്ത് നിന്ന് നീക്കിയതായും അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ട്രൈബൽ അഫയേഴ്സ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ശിൽപ ജെയിൻ പറഞ്ഞതായും പിടിഐ റിപ്പോര്‍ട്ടിൽ പറയുന്നു.

click me!