
ദില്ലി: രാജ്യത്ത് ഏറ്റവും കൈക്കൂലി കുറഞ്ഞ സംസ്ഥാനം കേരളമെന്ന് സർവ്വെ റിപ്പോർട്ട്. രാജസ്ഥാനാണ് ഏറ്റവും കൂടുതൽ കൈക്കൂലി നൽകേണ്ടി വരുന്ന സംസ്ഥാനമെന്നും റിപ്പോർട്ടിൽ പറയുന്നു. അഴിമതി വിരുദ്ധ രംഗത്ത് പ്രവർത്തിക്കുന്ന ട്രാൻസ്പരൻസി ഇൻറർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസ് എന്ന ഏജൻസിയുമാണ് സർവേ നടത്തിയത്.
21 സംസ്ഥാനങ്ങളിലായി 1.9 ലക്ഷം പേരിൽ നടത്തിയ സർവ്വേയിലാണ് കേരളം വീണ്ടും രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന് കണ്ടെത്തിയത്. ഗോവയും, ഒഡിഷയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളത്തിലെ 10 ശതമാനം ജനങ്ങൾ മാത്രമാണ് സേവനങ്ങൾക്ക് കൈക്കൂലി നൽകിയത്. ഇതുവരെ കൈക്കൂലി നൽകാത്തവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും.
രാജസ്ഥാൻ, ബിഹാർ, ഝാർഖണ്ട് എന്നിവയാണ് അഴിമതിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ. രാജസ്ഥാനിൽ 78ശതമാനം ജനങ്ങൾക്കും സേവനങ്ങൾക്ക് കൈക്കൂലി നൽകേണ്ടി വരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബിഹാറും ഉത്തർപ്രദേശുമാണ് അഴിമതി കൂടിയ സംസ്ഥാനങ്ങളിൽ രാജസ്ഥാന് പിന്നിലുള്ളത്. രാജ്യത്തെ 51 ശതമാനം പേരും സേവനങ്ങൾക്കായി കൈക്കൂലി നൽകേണ്ടി വരുന്നുവെന്നാണ് സർവ്വെ സൂചിപ്പിക്കുന്നത്.
എന്നാൽ ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിൽ അഴിമതി കുറഞ്ഞു. 180 രാജ്യങ്ങളുടെ പട്ടികയിൽ
ഇന്ത്യയുടെ സ്ഥാനം 78 ആയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam