വിമാനദുരന്തങ്ങളിൽ ഇന്ത്യക്ക് നഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കൾ . 

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടുവെന്ന വിവരം രാജ്യം ഞെട്ടലോടെയാണ് അറിഞ്ഞത്. പുനെയിലെ ബാരാമതിയിൽ വെച്ച് ലാൻഡ് ചെയ്യുന്നതിനിടെ, വിമാനം താഴേക്ക് വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന മറ്റ് നാലുപേരും അപകടത്തിൽ തൽക്ഷണം മരിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബാരാമതിയിൽ നാല് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യാൻ മുംബൈയിൽ നിന്നും എത്തിയതായിരുന്നു അദ്ദേഹം. ബാരാമതി വിമാനത്താവളത്തിന് സമീപം അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നുവീണ് തീപിടിച്ചത്. അജിത് പവാറിന്റെ മുമ്പും സമാനമായ അപകടങ്ങളിൽ രാജ്യത്തിന് ധാരാളം രാഷ്ട്രീയ പ്രമുഖരെ നഷ്ടപ്പെട്ടിട്ടുണ്ട്. വിമാനദുരന്തങ്ങളിൽ ഇന്ത്യക്ക് നഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കളെ അറിയാം 

സഞ്ജയ് ഗാന്ധി

1980 ലാണ് രാജ്യത്തെ ഞെട്ടിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. ഡൽഹിയിൽ വെച്ചാണ് അപകടമുണ്ടായത്. രണ്ട് സീറ്റുകളുള്ള എയർക്രാഫ്റ്റ് വിമാനം പരീക്ഷണ പറക്കലിനിടെയാണ് സഫ്ദർജംഗിൽ വെച്ച് അപകടത്തിൽപ്പെടുന്നത്. കൊല്ലപ്പെടുമ്പോൾ സഞ്ചയ് ഗാന്ധിക്ക് വെറും 33 വയസായിരുന്നി പ്രായം.

മാധവറാവു സിന്ധ്യ 2001

കോൺഗ്രസ് നേതാവും ജ്യോതിരാദിത്യ സിന്ധ്യയുടെ അച്ഛനുമായ മാധവറാവു സിന്ധ്യ 2001 സെപ്റ്റംബർ 30 നാണ്ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വെച്ച് കൊല്ലപ്പെട്ടത്. ഒരു റാലിയെ അഭിസംബോധന ചെയ്യാനായി ഉത്തർപ്രദേശിലെ മെയിൻപുരിയിലേക്ക് പോകുന്നതിനിടെയാണ് ചാർട്ടേഡ് വിമാനം തകർന്നുവീണത്.

വിജയ് രൂപാണി

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞ വർഷം അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് കൊല്ലപ്പെട്ട 241 പേരിൽ ഒരാളായിരുന്നു. ടേക്ക് ഓഫിന് പിന്നാലെയാണ് എയർ ഇന്ത്യബോയിംഗ് വിമാനം തകർന്ന് വീണത്.

വൈ.എസ്. രാജശേഖര റെഡ്ഡി (2009):

ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി 2009 ലാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. നല്ലമലയിൽ വെച്ചാണ് അപകടമുണ്ടായത്. ഒരു ദിവസത്തിന് ശേഷമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്താൻ പോലും കഴിഞ്ഞത്.

ജി.എം.സി. ബാലയോഗി 

2002ൽ അന്നത്തെ ലോക്‌സഭാ സ്പീക്കർ ആയിരുന്ന ബാലയോഗി ആന്ധ്രയിൽ ഹെലികോപ്റ്റർ തകർന്ന് മരിച്ചു. സാങ്കേതിക തകരാർ മൂലം തകർന്നുവീണുവെന്നായിരുന്നു റിപ്പോർട്ട്.

ദോർജി ഖണ്ഡു 

2011 ൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദോർജി ഖണ്ഡു പവൻ ഹാൻസ് ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടു. പർവത പ്രദേശത്തായിരുന്നു വിമാനം തകർന്ന് വീണത്. അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

ഒ.പി. ജിൻഡാൽ 

2005 ൽ വ്യവസായിയും ഹരിയാന മന്ത്രിയുമായിരുന്ന ഒ.പി. ജിൻഡാലും മുൻ കേന്ദ്രമന്ത്രി സുരീന്ദർ സിംഗും ഉത്തർപ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു.