Latest Videos

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

By Web TeamFirst Published Jan 25, 2023, 11:33 AM IST
Highlights

മുഹമ്മദ് ഫൈസല്‍ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും പെട്ടെന്നൊരു തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.

കൊച്ചി: വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസലിനെതിരായ കവരത്തി കോടതിയുടെ കുറ്റവും  ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മാസം 31 ന്  ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പിനുള്ള  വിജ്ഞാപനം വരാനിരിക്കെയാണ് ഹൈക്കോടതി നടപടി. 15 മാസത്തേക്ക് മാത്രമായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന നിരീക്ഷണത്തോടെയാണ് വിധി.

രാഷ്ട്രീയത്തെ ക്രിമിനൽ മുക്തമാക്കണ്ടത് രാജ്യ താൽപ്പര്യത്തിന് അത്യാവശ്യമാണ്. എന്നാൽ ലക്ഷദ്വീപിലെ പ്രത്യേക സാഹചര്യം കണക്കിലെടുക്കാതിരിക്കാനാകില്ല. മുഹമ്മദ് ഫൈസലിനെതിരായ വിധി മരവിപ്പിച്ചില്ലെങ്കിൽ ലക്ഷദ്വീപിൽ പരിമിതമായ കാലത്തേക്ക് വീണ്ടും തെര‍ഞ്ഞെടുപ്പ് നടത്തേണ്ടിവരും. വൻ ഒരുക്കവും പണവും ചെലവഴിച്ചാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. നേരിട്ടല്ലെങ്കിലും പൊതുജനത്തിൻറെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കവരത്തി കോടതിയുടെ കുറ്റവും ശിക്ഷയും അപ്പീൽ ഹർ‍ജിയിൽ അന്തിമ വിധി വരുന്നത് വരെ മരവിപ്പിക്കുന്നതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്നാൽ  15 മാസക്കാലയളവാകും പുതിയ അംഗത്തിന് ലഭിക്കുകയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

Also Read: 'ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം'; ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ

കേസിലെ മറ്റ് മൂന്ന് പ്രതികളെയും തടവിൽ നിന്ന് മോചിപ്പിക്കുമെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധി മരവിപ്പിച്ചിട്ടില്ല. ഫൈസലിൻറെ സഹോരൻമാരായ ഒന്നാം പ്രതി നൂറുൽ അമീൻ, ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ എന്നിവരാണ് ജയിൽ മോചിതരാകുന്ന മറ്റുള്ളവർ.  മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടി സ്റ്റേ ചെയ്തതിനാൽ ഇനി അയോഗ്യതയും നീങ്ങും. ഇതോടെ ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷൻ നടപടിയും അനിശ്ചിതത്വത്തിലായി. ഈ മാസം 31 നാണ് തെര‍ഞ്ഞെടുപ്പ് വിജ്ഞാപനം വരേണ്ടത്. ഈ മാസം  27 തെരെഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന മുഹമ്മദ് ഫൈസലിൻറെ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളിയാൽ മാത്രമാകും ഇനി തെര‍ഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാൻ കഴിയുക.

click me!