
ദില്ലി: മുനമ്പം ഭൂമി തർക്കം വിഷയം സുപ്രീം കോടതിയിൽ. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ചു. കേരള വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുൾ സലാം എന്നിവരാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരുടെ വാദം. അഭിഭാഷകൻ അബ്ദ്ദുള്ള നസീഹാണ് ഹർജി ഫയൽ ചെയ്തത്. കേസ് സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല.
മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും സിംഗിൾ ബഞ്ച് നിലപാട് എടുത്തിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാൽ ട്രൈബ്യൂണലിൽ കേസ് നിലനിൽക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് ഹർജിക്കാരുടെ വാദം. സുപ്രീംകോടതി അഭിഭാഷകൻ അബ്ദ്ദുള്ള നസീഹാണ് ഹർജി ഫയൽ ചെയ്തത്.
തെരഞ്ഞെടുപ്പ് മുനമ്പം ഭൂമി തർക്കം സജീവ ചർച്ചയാക്കാൻ സമര സമിതി. ഒരു പഞ്ചായത്തിലോ ജില്ലയിലോ മാത്രമല്ല സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണ് മുനമ്പത്തെ വഖഫ് ഭൂമി തർക്കം. സുവർണ അവസരം തേടിയെത്തിയ രാഷ്ട്രീയപാർട്ടികൾ സമരവേദി ഒഴിഞ്ഞെങ്കിലും ക്രൈസ്തവ സഭകളുടെ പിന്തുണയിൽ 615 കുടുംബങ്ങൾ 390ആം ദിവസവും നിരാഹാര സമരം തുടരുകയാണ്. വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പിന് വോട്ടിലൂടെ മറുപടി പറയാനാണ് മുനമ്പത്തുകാരുടെ തീരുമാനം. സംസ്ഥാന വഖഫ് ബോർഡ് ഭൂമിയിൽ അവകാശം ഉന്നയിച്ചിട്ടില്ല എങ്കിൽ ടൂറിസവും അടിസ്ഥാനസൗകര്യ വികസനവുമായേനെ പള്ളിപ്പുറം പഞ്ചായത്തിലെ മുനമ്പത്തുകാരുടെ തദ്ദേശ തെരഞ്ഞെടുപ്പ് അജണ്ട. എന്നാൽ മുനമ്പത്തെ 615കുടുംബങ്ങളുടെ സമരപോരാട്ടം ഇന്ന് സംസ്ഥാനമൊട്ടാകെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്ന ചർച്ചവിഷയമായി. സുവർണ അവസരം തേടിയെത്തിയ വിവിധ രാഷ്ട്രീയകക്ഷികൾ പറഞ്ഞതെല്ലാം വിശ്വസിച്ച് കാത്തിരുന്നിട്ട് 390ദിവസമായി. കടുത്ത നിരാശ മാത്രം തുടരുന്നുവെന്ന് സമരക്കാർ പറയുന്നു. പറഞ്ഞ് വഞ്ചിച്ചവർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്ന് മുനമ്പത്തുകാർ പറയുന്നു.