രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിൽ; മരണത്തിലും കേരളം മുന്നിൽ

By Web TeamFirst Published Aug 28, 2021, 3:30 PM IST
Highlights

24 മണിക്കൂറിനിടെ 46,759 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥീരികരിച്ചതില്‍ 32,801 പേരും കേരളത്തില്‍ നിന്നാണ്. ആകെ കേസുകളുടെ 70 ശതമാനമാണ് ഇത്. പ്രതിദിന മരണക്കണക്കിലും കേരളം തന്നെയാണ് ഇന്നും ഒന്നാമത്.


ദില്ലി: രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തില്‍. അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിലെ കേസുകളും മരണവും അഞ്ചിരട്ടി വരെയാണ്. അതിനിടെ രാജ്യത്തെ പ്രതിദിന കേസുകള്‍ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വീണ്ടും എത്തി. ഇതിന് പ്രധാന കാരണം തന്നെ കേരളത്തിലെ വർധനയാണ്.

24 മണിക്കൂറിനിടെ 46,759 പേര്‍ക്ക് രാജ്യത്ത് കൊവിഡ് സ്ഥീരികരിച്ചതില്‍ 32,801 പേരും കേരളത്തില്‍ നിന്നാണ്. ആകെ കേസുകളുടെ 70 ശതമാനമാണ് ഇത്. പ്രതിദിന മരണക്കണക്കിലും കേരളം തന്നെയാണ് ഇന്നും ഒന്നാമത്. 179 മരണം കേരളത്തിലും 170 മരണവും മഹാരാഷ്ട്രയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് മരണം മൂന്നക്കം കടന്നിട്ടുള്ളത് ഈ രണ്ട് സംസ്ഥാനങ്ങളിലും മാത്രമാണ്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഇന്നലെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

കൊവിഡ് വ്യാപനം കൂടുതല്‍ ഉള്ള ക്ലസ്റ്ററുകളില്‍ കേരളം പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകള്‍ കൂടുന്നതിനാല്‍ കൂടുതല്‍ പരിശോധന നടത്തണം. രണ്ടാം ഡോസ് വാക്സീൻ കൂടുതല്‍ നല്‍കുന്നതിനായി പദ്ധതി ആവിഷ്കരിക്കണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി സംസ്ഥാനത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് ഒറ്റദിവസം 1,03,35,290  പേര്‍ക്ക് വാക്സിന്‍ നല്‍കി ഇന്ത്യ റെക്കോര്‍ഡിട്ടു. ജനുവരി 16 ന് വാക്സിനേഷന്‍ ആരംഭിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയത് ഇന്നലെയാണ്. ഉത്തർപ്രദേശാണ് ഇന്നലെ ഏറ്റവും കൂടുല്‍ പേര്‍ക്ക് വാക്സീൻ നല്‍കിയ സംസ്ഥാനം. രാജ്യത്ത് 62 കോടി ഡോസ് വാക്സീനാണ് ഇതുവരെ നല്‍കിയത്. നിര്‍ണായക നേട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകരെയും വാക്സിനെടുത്തവരെയും പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അഭിനന്ദിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!