ഒരാൾക്ക് ഒരു പദവി, ഒരു പദവിയിൽ പരമാവധി അഞ്ച് വര്‍ഷം: ഉദയ്പുര്‍ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ ഖാര്‍ഗെ

Published : Oct 20, 2022, 02:06 PM IST
ഒരാൾക്ക് ഒരു പദവി,  ഒരു പദവിയിൽ പരമാവധി അഞ്ച് വര്‍ഷം: ഉദയ്പുര്‍ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ ഖാര്‍ഗെ

Synopsis

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന  പ്ലീനറി സമ്മേളനത്തിന് പിന്നാലെ  സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഒരു പദവിയില്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം എന്ന നിബന്ധന നടപ്പാക്കിയാല്‍ 2024 ല്‍  കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം  ഒഴിയേണ്ടി വരും.

ദില്ലി: ഉദയ് പൂര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ നീക്കം തുടങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന  പ്ലീനറി സമ്മേളനത്തിന് പിന്നാലെ  സംഘടനാ തലത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഒപ്പം നിന്ന നേതാക്കളുമായി ചര്‍ച്ച തുടങ്ങിയ ശശി തരൂരും തുടര്‍ നീക്കങ്ങളിലാണ്. 

ഒരു പദവിയില്‍ ഒരാള്‍ക്ക് പരമാവധി അഞ്ച് വര്‍ഷം, അന്‍പത് ശതമാനം പദവികള്‍ അന്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക്, നയിക്കാന്‍ യുവാക്കളും അനുഭവ സമ്പത്തുള്ള മുതിര്‍ന്നവരും.... ഇങ്ങനെ ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിലെ നിര്‍ണായക പ്രഖ്യാപനങ്ങളാണ് ഖര്‍ഗെക്ക് നടപ്പാക്കാനുള്ളത്. മാറ്റങ്ങള്‍ എങ്ങനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉടന്‍ സമിതിക്ക് അദ്ദേഹം രൂപം നല്‍കും. 

അധ്യക്ഷനെ സഹായിക്കാന്‍ ഒന്നിലധികം വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയും, വൈസ് പ്രസിഡന്‍റുമാരെയും നിയമിച്ചേക്കും.അങ്ങനെയെങ്കില്‍ മുകുള്‍ വാസ്നിക്, ദീപേന്ദര്‍ ഹൂഡ, ഗൗരവ് വല്ലഭ് തുടങ്ങിയ നേതാക്കള്‍ പരിഗണനയിലുണ്ട്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗിനും  പദവി നല്‍കിയേക്കും. തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിനൊപ്പം നിന്ന  ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി തുടങ്ങിയ നേതാക്കളും പരിഗണന പ്രതീക്ഷിക്കുന്നുണ്ട്. ഖര്‍ഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലുണ്ടായിരുന്ന രമേശ് ചെന്നിത്തലയും പുനസംഘടനയില്‍ ദേശീയ തലത്തിലേക്ക് എത്തിയേക്കും.

ഒരു പദവിയില്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം എന്ന നിബന്ധന നടപ്പാക്കിയാല്‍ 2024 ല്‍  കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ജനറല്‍ സെക്രട്ടറി സ്ഥാനം  ഒഴിയേണ്ടി വരും. സംസ്ഥാന വിഷയങ്ങളില്‍ പിസിസികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും ആലോചനയിലുണ്ട്. ഖര്‍ഗെക്കൊപ്പം നേതൃനിരയിലെത്താന്‍ തരൂരിന് താല്‍പര്യമുണ്ട്. വര്‍ക്കിംഗ് പ്രസിഡന്‍റ് പദവി തരൂര്‍ ചോദിച്ചേക്കും. തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന നേതാക്കളുമായി കഴിഞ്ഞ രാത്രി ചര്‍ച്ച നടത്തിയ തരൂര്‍  തെരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്‍ കടുത്ത നിലപാട് തുടരേണ്ടെന്ന ധാരണയിലെത്തിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?