മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

Published : Oct 25, 2022, 09:40 AM IST
മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച

Synopsis

ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിൽ കാര്യം തീരുമാനിക്കാൻ ഖാർഗെ ഗാന്ധി കുടുംബവുമായി ചർച്ച നടത്തും.   

ദില്ലി: മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഖര്‍ഗെക്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രവര്‍ത്തക സമിതിയംഗങ്ങള്‍, എംപിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. തുടര്‍ന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഖര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 

ദീപാവലി പ്രമാണിച്ച് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് താൽക്കാലിക ഇടവേള നൽകിയിരിക്കുകയാണ്. നാളെ ഖർഗെയുടെ അധികാരമേൽക്കൽ ചടങ്ങിനും ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിനും ശേഷം ഒക്ടോബർ 27 ന് തെലങ്കാനയിൽ നിന്ന് യാത്ര വീണ്ടും തുടങ്ങുമെന്ന് ജയറാം രമേശ് അറിയിച്ചു. 

കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനിടെ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തിൽ നിയുക്ത പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, ഗാന്ധി കുടുംബവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. 

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരം ഒഴിവാക്കാനാണ് പുതിയ നേതൃത്വത്തിന്‍റെ നീക്കം. സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കാൻ ശ്രമിക്കുമെന്ന് നിയുക്ത എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ  കൂടെയുള്ളവർക്ക് സൂചന നൽകി കഴിഞ്ഞു.  പ്രവര്‍ത്തകസമിതിയില്‍ ശശി തരൂരിനെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒപ്പം നില്ക്കുന്ന നേതാക്കൾ നേതൃത്വത്തിന് കത്ത് നല്‍കും.

അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. അധ്യക്ഷൻ ചുമതലയേറ്റെടുത്ത് മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം വിളിച്ച് പ്രവര്‍ത്തക സമതി തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ചട്ടം. പതിനൊന്ന് പേരെ അധ്യക്ഷന് നാമനിർദേശം ചെയ്യാം. 12 പേരെ തെരഞ്ഞെടുപ്പിലൂടെ വേണം കണ്ടെത്താൻ. എന്നാല്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി സമവായത്തിലൂടെ പ്രവ‍ർത്തക സമതി അംഗങ്ങളെ തീരുമാനിക്കുന്നതാണ് പാർട്ടിയിലെ രീതി. ഇത് തുടരുമെന്നുള്ള സൂചനയാണ്  മല്ലികാർജ്ജുന ഖർ‍ഗെയും കൂടെയുള്ളവർക്ക് നല്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം