രാഹുല്‍ മാത്രമല്ല, പാകിസ്ഥാന്‍റെ കത്തില്‍ ഖട്ടറും സെയ്നിയും; മറുപടിയില്ലാതെ ബിജെപി

By Web TeamFirst Published Aug 29, 2019, 3:04 PM IST
Highlights

പ്രത്യേക പദവി നീക്കിയതിലൂടെ കശ്മീരിലെ സുന്ദരികളായ യുവതികളെ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും വിവാഹം കഴിക്കാമെന്ന പ്രസ്താവനയാണ് കത്തില്‍ പറയുന്നത്. യുദ്ധത്തില്‍ ആയുധമായി സ്ത്രീകളെ ഉപയോഗിക്കുന്ന എന്ന തലക്കെട്ടിലാണ് ഇരുവരുടെയും വിവാദ പ്രസ്താവന ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  

ദില്ലി: കശ്മീരിലെ സ്ഥിതിഗതികള്‍ വിവരിച്ച് പാകിസ്ഥാന്‍ യുഎന്നിന് നല്‍കിയ കത്തില്‍ രാഹുലിന്‍റെ പരാമര്‍ശത്തോടൊപ്പം ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടറുടെ വിവാദ പ്രസ്താവനയും ഇടംപിടിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചാണ് പാകിസ്ഥാന്‍ ഐക്യ രാഷ്ട്രസഭക്ക് കത്ത് നല്‍കിയത്. ഖട്ടറിന് പുറമെ, ബിജെപി എംഎല്‍എ വിക്രം സിംഗ് സെയ്നിയുടെ പേരും കത്തില്‍ ഇടം പിടിച്ചു. പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മന്‍സാരിയാണ് കത്ത് നല്‍കിയത്. 

പ്രത്യേക പദവി നീക്കിയതിലൂടെ കശ്മീരിലെ സുന്ദരികളായ യുവതികളെ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും വിവാഹം കഴിക്കാമെന്ന പ്രസ്താവനയാണ് കത്തില്‍ പറയുന്നത്. 'യുദ്ധത്തില്‍ ആയുധമായി സ്ത്രീകളെ ഉപയോഗിക്കുന്നു' എന്ന തലക്കെട്ടിലാണ് ഇരുവരുടെയും വിവാദ പ്രസ്താവന ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  
ഉത്തര്‍പ്രദേശിലെ കത്വാലി എംഎല്‍എയായ വിക്രം സെയ്നിയാണ് ആദ്യം വിവാദ പ്രസ്താവന നടത്തിയത്. പ്രത്യേക പദവി റദ്ദാക്കിയതിലൂടെ കശ്മീരിലെ വെളുത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ ബിജെപിയിലെ മുസ്ലിം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുമെന്നായിരുന്നു സെയ്നിയുടെ പ്രയോഗം. ഈ പ്രസംഗത്തിന്‍റെ വീഡിയോയും പാകിസ്ഥാന്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലിംഗാനുപാതം കുറഞ്ഞ ഹരിയാന സംസ്ഥാനത്തിലെ പുരുഷന്മാര്‍ക്ക്  ഇനി കശ്മീരി യുവതികളെ വിവാഹം കഴിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയായ  മനോഹര്‍ ലാല്‍ പ്രസ്താവന നടത്തിയത്. ഈ പ്രസ്താവനയും വിവാദമായിരുന്നു. പാകിസ്ഥാന്‍ യുഎന്നിന് നല്‍കിയ കത്തില്‍ കശ്മീരില്‍ ആളുകള്‍ മരിച്ചു വീഴുന്നുവെന്ന പരാമര്‍ശം ഇടംപിടിച്ചതിനെ തുടര്‍ന്ന് ബിജെപി രാഹുല്‍ ഗാന്ധിക്കെതിരെ വ്യാപക വിമര്‍ശനമുന്നയിച്ചിരുന്നു.  ഈ വിവാദം കത്തി നില്‍ക്കെയാണ് പാക് കത്തില്‍ ബിജെപി നേതാക്കളുടെ പരാമര്‍ശവും ഇടംപിടിച്ചെന്ന വാര്‍ത്തകള്‍ വരുന്നത്.

click me!