
ശ്രീനഗര്‍: ജമ്മുകശ്മീരിനെ കൊള്ളയടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ലക്ഷ്യം വയ്ക്കാന്‍ ഭീകരവാദികളോട് ആവശ്യപ്പെട്ട ജമ്മു കശ്മീര്‍ ഗവര്‍ണര്‍ വിവാദത്തില്‍. ഞായറാഴ്ചയാണ് ഗവര്‍ണര്‍ വിവാദ പ്രസ്താവന നടത്തിയത്. പാവപ്പെട്ട ജനങ്ങളെയും സുരക്ഷാ ജീവനക്കാരെയും ഇല്ലാതാക്കുന്നതിന് പകരം സംസ്ഥാനത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കുന്ന അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ലക്ഷ്യം വയ്ക്കൂ എന്നായിരുന്നു ആവശ്യപ്പെട്ടത്.
''ഈ യുവാക്കള്‍ സ്വന്തം ജനങ്ങളെ കൊല്ലാനാണ് തോക്കെടുക്കുന്നത്. അവര്‍ സുരക്ഷാ ജീവനക്കാരെ കൊല്ലുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലുന്നു. എന്തിനാണ് നിങ്ങള്‍ അവരെ കൊല്ലുന്നത് ? കശ്മീരിന്‍റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ കൊല്ലൂ. നിങ്ങള്‍ അവരില്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ ? '' കാര്‍ഗിലില്‍ ഒരു പരിപാടിക്കിടെ മാലിക് പറഞ്ഞു.
പൊതുസമ്പത്ത് കൊള്ളയടിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായവരാണ് കശമീരിനെ മുമ്പ് ഭരിച്ചിരുന്ന കുടുംബങ്ങള്‍. അതേസമയം ഇന്ത്യന്‍ സര്‍ക്കാര്‍ ഒരിക്കലും തോക്കിന് മുന്നില്‍ താഴ്ന്നുകൊടുക്കില്ലെന്നും മാലിക് അതേ പ്രസംഗത്തില്‍ പറഞ്ഞു.
''കശ്മീര്‍ ഭരിച്ച കുടുംബങ്ങള്‍ അതിസമ്പന്നരാണ്. അവര്‍ക്ക് ശ്രീനഗറില്‍ ഒരു വീടുണ്ട്. ദില്ലിയിലും ദുബായിലും ലണ്ടനിലും മറ്റ് പലയിടങ്ങളിലും വീടുകളുണ്ട്. വലിയ ഹോട്ടലുകളില്‍ അവര്‍ക്ക് ഓഹരികളുണ്ട്'' - പ്രസംഗത്തില്‍ മാലിക് ആരോപിച്ചു.
പ്രസംഗത്തോട് പ്രതികരിച്ച മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മാലിക്കിനെ നിശ്ചിതമായി വിമര്‍ശിച്ചു. ഗവര്‍ണറുടെ പദവിയിലിരിക്കുന്ന വ്യക്തിയാണ് രാഷ്ട്രീയക്കാരെ കൊല്ലാന്‍ ഭീകരവാദികളോട് ആഹ്വാനം ചെയ്യുന്നതെന്ന് ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
''ഈ ട്വീറ്റ് സേവ് ചെയ്തു വയ്ക്കൂ, ഏതെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ജമ്മു കശ്മീരില്‍ കൊലചെയ്യപ്പെട്ടാല്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്‍റെ ആഹ്വാന പ്രകാരമായിരിക്കു''മെന്നും ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam