
ബെംഗളൂരു: കർണാടകയിൽ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവ ഡോക്ടർ കൃതിക റെഡ്ഡിയെ കൊലപ്പെടുത്തിയ ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി, കൊലപാതകത്തിന് തൊട്ടുപിന്നാലെ തന്റെ കാമുകിക്ക് "ഞാൻ എന്റെ ഭാര്യയെ കൊന്നു" എന്ന് സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. നിനക്ക് വേണ്ടി ഞാനെന്‍റെ ഭാര്യയെ കൊലപ്പെടുത്തി എന്നാണ് ഡോ. മഹേന്ദ്ര കാമുകിയായ യുവതിക്ക് അയച്ച മെസേജ്. ഗൂഗിൾ പേ ചാറ്റിലാണ് മഹേന്ദ്ര കാമുകിക്ക് മെസേജ് അയച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കൃതിക റെഡ്ഡിയുടെ കൊലപാതകത്തിൽ പിടിയിലായ മഹേന്ദ്രയുടെ മൊബൈൽ ഫോൺ പൊലീസ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
മഹേന്ദ്രയുടെ കാമുകിയെ ചോദ്യം ചെയ്യുകയും, അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 21നായിരുന്നു കൃതിക മരിക്കുന്നത്. ചർമരോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ ബെംഗളൂരു മുന്നെക്കൊല്ലാലയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയാണ് ഭാര്യയെ ആബോധാവസ്ഥയിൽ ആദ്യം കാണുന്നത്. മഹേന്ദ്ര കൃതികയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിനൊടുവിൽ കൃതിക മരിച്ച് 6 മാസം കഴിഞ്ഞാണ് സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണു ഡോ. കൃതികയെ ഭർത്താവായ മഹേന്ദ്ര റെഡ്ഡി കൊലപ്പെടുത്തിയത്.
പിന്നാലെ ഡോ. മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൃതികയുടെ മരണത്തിനു പിന്നാലെ ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ചില നിർണായക തെളിവുകൾ ലഭിച്ചിരുന്നു. ഇൻജക്‌ഷൻ ട്യൂബ്, കാനുല സെറ്റ്, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് സംശയാസ്പദ സാഹചര്യത്തിൽ പൊലീസ് കണ്ടെത്തിയത്. ഇതിനെതുടന്ന് കൃതികയുടെ ആന്തരികാവയവങ്ങളിൽ നിന്നുള്ള സാംപിളുകൾ പരിശോധനക്കയച്ചു. ഇതിൽ നിന്നും പ്രൊപോഫോൾ എന്ന ശക്തിയേറിയ അനെസ്തെറ്റിക് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. തുടർന്ന് മഹേന്ദ്രയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിയുന്നത്.
ഗ്യാസ്ട്രിക് ചികിത്സയ്ക്ക് എന്ന വ്യാജേന അനസ്തീഷ്യ മരുന്ന് ഘട്ടംഘട്ടമായി കുത്തിവച്ചാണ് ഡോക്ടർ മഹേന്ദ്ര കൃതികയെ കൊലപ്പെടുത്തിയത്. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടിരുന്ന കൃതികയ്ക്ക് സ്വന്തം വീട്ടിൽ വച്ചും ഭാര്യവീട്ടിൽ വച്ചും ഐവി ഫ്ലൂയിഡ് എന്ന വ്യാജേന പ്രൊപ്പോഫോൾ എന്ന മരുന്ന് നൽകുകയായിരുന്നു മഹേന്ദ്ര. ഏപ്രിൽ 21 മുതൽ മൂന്നു ദിവസങ്ങളിലായി നൽകിയ മരുന്ന് ശരീരത്തിൽ കലർന്നതോടെ 24ന് കൃതിക കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചുവെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും പോസ്റ്റ്മോർട്ടം വേണ്ടെന്ന് മഹേന്ദ്ര നിർബന്ധം പിടിച്ചു. എന്നാൽ ആശുപത്രി അധികൃതർ വഴങ്ങിയില്ല. ഇതോടെയാണ് ഡോ. മഹേന്ദ്രക്ക് കുരുക്ക് വീണത്. അതേസമയം എന്തിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ഡോ. മഹേന്ദ്ര പറഞ്ഞിരുന്നില്ല. ഇതിനിടെയിലാണ് മഹേന്ദ്ര കാമുകിക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam