
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ ദിവ്യ മിശ്രയെ കൊലപ്പെടുത്തിയ ശേഷം ലഖ്നൗ സ്വദേശിയും എസ്ബിഐ ജീവനക്കാരനുമായ മാനസ് വാജ്പേയി(38) ഇതുസംബന്ധിച്ച് വാട്സാപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നുവെന്ന് പൊലീസ്. 'എന്നെ വഞ്ചിച്ച ഭാര്യയെ ഇന്ന് ഞാൻ കൊന്നു. ഇനി ഞാൻ ആത്മഹത്യ ചെയ്യും. എന്റെ സഹോദരിയെയും കൊല്ലും. ഭാര്യയുടെ സഹോദരി പ്രഗ്യയ്ക്കും ഭരതിനും എല്ലാം അറിയാം' എന്നായിരുന്നു മാനസ് വാജ്പേയിയുടെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഉത്തർപ്രദേശിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യ ദിവ്യ മിശ്രയെയും സഹോദരി ശിവ വാജ്പേയി(28)യെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട ദിവ്യ മിശ്ര ഐസിഐസിഐ ബാങ്ക് റിലേഷൻഷിപ്പ് മാനേജരാണ്. വ്യാഴാഴ്ച ഉച്ചയോടെ ഭാര്യ ജോലിചെയ്യുന്ന ഗോമതി നഗറിലെ ഐസിഐസിഐ ബാങ്ക് ശാഖയിലെത്തിയ മാനസ് വാജ്പേയി ദിവ്യയെ ഓഫീസിൽനിന്ന് പുറത്തേക്ക് വിളിച്ച് വരുത്തി. പിന്നീട് ഇയാൾ അല്പസമയം ഭാര്യയുമായി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെ കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് ഭാര്യയ്ക്ക് നേരേ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വെടിയേറ്റ ദിവ്യ മിശ്രയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിയ മാനസ് വാജ്പേയി വീട്ടിലുണ്ടായിരുന്ന മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയെയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷമാണ് പ്രതിയും സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയത്. ബാങ്ക് ജീവനക്കാരായ മാനസ് വാജ്പേയിയും ദിവ്യ മിശ്രയും 12 വർഷം മുൻപാണ് വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ ഒരു വർഷമായി രണ്ടുപേരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഒരുവർഷം മുൻപ് ദിവ്യ മിശ്ര വിവാഹമോചനക്കേസും ഫയൽ ചെയ്തിരുന്നു. അതേസമയം, ഭാര്യ തന്നെ വഞ്ചിച്ചെന്നായിരുന്നു മാനസ് വാജ്പേയിയുടെ ആരോപണം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam