മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്‍യുവിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ പ്രതിഷേധം. ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.
ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ജന്തർ മന്തിറിലേക്ക് എൻഎസ്‍യുവിൻ്റെ (NSUI)നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ഇതോടെ തുടർച്ചയായ നാലാം ദിവസമാണ് ജന്തർ മന്തറിലേക്ക് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി എത്തുന്നത്. ഇന്നലെയും സമരം ചെയ്തവരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്. സംസ്ഥാനങ്ങളിലെ പ്രതിഷേധപരിപാടികൾ തീരുമാനിക്കാൻ എഐസിസി വിളിച്ച യോഗം വൈകിട്ട് ദില്ലിയിൽ നടക്കും.
അതേസമയം, ഗ്യാനേഷ് കുമാറിന് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ട് കമ്മീഷണർമാരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായി ഗ്യാനേഷ് കുമാർ തീരുമാനമെടുത്തുവെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണം, എസ്ഐആർ തീരുമാനങ്ങൾ റദ്ദാക്കണമെന്നും വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ എസ്‌ഐടി അന്വേഷണം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ശൈൽദേന്ദ്ര മണി ത്രിപാഠി, രാകേഷ് കുമാർ സിംഗ് എന്നിവരാണ് ഹർജിക്കാർ.


