
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എം എ ല്‍എ കെ സി വീരേന്ദ്ര പപ്പിയുടെ അറസ്റ്റിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിക്കിമിൽ ഓൺലൈൻ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ് വീരേന്ദ്രയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ( ഇ ഡി ) അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യവ്യാപകമായി ഇ ഡി രണ്ട് ദിവസം നടത്തിയ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്ന് മാത്രമായി 12 കോടി രൂപ ഇ ഡി കണ്ടെത്തി. എം എല്‍ എയുടെ വീട്ടില്‍ നിന്നും ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയെന്നും ഇ ഡി വ്യക്തമാക്കി.
വീരേന്ദ്ര നിരവധി ഒൺലൈൻ ബെറ്റിംഗ് ആപ്പുകൾ പ്രവർത്തിപ്പിച്ചെന്നും ഇ ഡി വ്യക്തമാക്കുന്നുണ്ട്. ‘കിങ്567’,‘രാജ567’ എന്നീ പേരുകളിലുള്ള വെബ്സൈറ്റുകളാണ് ഇവയിൽ ഏറ്റവും പ്രചാരം നേടിയത്. എം എൽ എയുടെ അറസ്റ്റിനും ചോദ്യം ചെയ്യലിനും പിന്നാലെ രാജ്യാന്തര വാതുവയ്പ് റാക്കറ്റിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചെന്നും ഇ ഡി സൂചന നൽകിയിട്ടുണ്ട്.
ഇയാൾക്കെതിരെയും മറ്റ് ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾ നടത്തുന്ന സംഘങ്ങൾക്കെതിരെയും വ്യാപക അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് ഇ ഡി. അന്വേഷണത്തിന്‍റെ ഭാഗമായി എം എൽ എയുടെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്. സിക്കിം കോടതിയിൽ ഹാജരാക്കിയ വീരേന്ദ്രയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. എത്രയും വേഗം ബെംഗളൂരുവിലെത്തിച്ച് കൂടുതൽ തെളിവുകളും വിവരങ്ങളും കണ്ടെത്താനുള്ള നീക്കത്തിലാണ് ഇ ഡി. കർണാടകയിലെ ചിത്രദുർഗ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയാണ് വീരേന്ദ്ര പപ്പി. എം എൽ എയുടെ അറസ്റ്റ് കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തെയും സർക്കാരിനെയും സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam