നിയമസഭയില്‍നിന്ന് ഫര്‍ണിച്ചര്‍ കടത്തിയത് പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി; മുന്‍ സ്പീക്കറെ ആത്മഹത്യയിലേക്ക് നയിച്ചത് ആരോപണങ്ങള്‍

By Web TeamFirst Published Sep 16, 2019, 4:47 PM IST
Highlights

തെരഞ്ഞെടുപ്പിന് ശേഷം ആന്ധ്ര നിയമസഭയില്‍നിന്ന് ഫര്‍ണിച്ചര്‍ സ്വന്തം ക്യാമ്പ് ഓഫിസിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ശിവപ്രസാദ റാവുവിന് തിരിച്ചടിയായത്. 

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ റാവുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് തുടരെയുള്ള അഴിമതിയാരോപണങ്ങളെന്ന് സൂചന. ഈയടുത്ത് മകള്‍ക്കും മകനുമെതിരെ അഴിമതിയാരോപണത്തില്‍ കേസെടുത്തത് അദ്ദേഹത്തെ ഏറെ തളര്‍ത്തിയിരുന്നു. ആറു തവണ എംഎല്‍എയായ ശിവപ്രസാദ് റാവുവിന് പാര്‍ട്ടിയിലും പിന്തുണ നഷ്ടപ്പെട്ടതോടെ തീര്‍ത്തും ഒറ്റപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം ആന്ധ്ര നിയമസഭയില്‍നിന്ന് ഫര്‍ണിച്ചര്‍ സ്വന്തം ക്യാമ്പ് ഓഫിസിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് ശിവപ്രസാദ റാവുവിന് തിരിച്ചടിയായത്.

ഈ വിഷയത്തില്‍ ടിഡിപിയില്‍ തന്നെ അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ശിവപ്രസാദ റാവുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. റാവുവിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി. പാര്‍ട്ടി നാണക്കേടുണ്ടായ സംഭവത്തില്‍ നേതാവ് ചന്ദ്രബാബു നായിഡുവും ശിവപ്രസാദ് റാവുവിനെ കൈവിട്ടതോടെ റാവു കൂടുതല്‍ ഒറ്റപ്പെട്ടു.

അതേസമയം, റാവുവിന്‍റെ മകനും മകള്‍ക്കുമെതിരെ അഴിമതിയാരോപണത്തിന് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപണമുണ്ട്. ഇതുവരെ അഴിമതിയാരോപണമൊന്നുമില്ലാതിരുന്ന റാവുവിന് ഫര്‍ണിച്ചര്‍ വിവാദം വലിയ തിരിച്ചടിയായെന്ന് ടിഡിപി നേതാക്കള്‍ പറയുന്നു. തന്‍റെ കാലാവധി അവസാനിക്കുന്ന സമയമെങ്കിലും ഫര്‍ണിച്ചര്‍ തിരികെയെത്തിച്ചിരുന്നെങ്കില്‍ വിവാദമുണ്ടാകുമായിരുന്നില്ലെന്നും നേതാക്കള്‍ പറയുന്നു. 

click me!