
കൊൽക്കത്ത: ഒന്നിന് പുറകെ ഒന്നായി നിരന്തരം ഭീഷണി സന്ദേശങ്ങൾ വന്നതോടെ കൊൽക്കത്തയിൽ സംഘടിപ്പിക്കാനിരുന്ന ബീഫ് ഫെസ്റ്റിവൽ റദ്ദാക്കി. പലരും ഐക്യദാർഢ്യം പറഞ്ഞ് വിളിച്ചെങ്കിലും ഇതൊരു രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങുമെന്ന് കരുതിയാണ് പരിപാടി പിൻവലിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ദി ആക്സിഡന്റൽ നോട്ട് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
"കാര്യങ്ങൾ ഞങ്ങളുടെ നിയന്ത്രണത്തിലല്ല. അർജുന് 300 ലേറെ ഫോൺ കോളുകളാണ് ലഭിച്ചത്. ഏറെയും ഭീഷണി സന്ദേശങ്ങളായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. മുൻപത്തെ സാഹചര്യമല്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് കൊൽക്കത്ത ബീപ് ഫെസ്റ്റിവൽ റദ്ദാക്കുന്നു," എന്നാണ് സംഘാടകർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞത്.
കൊൽക്കത്ത ബീഫ് ഫെസ്റ്റിവൽ എന്നായിരുന്നു പരിപാടിയുടെ പേര്. ഭീഷണി സന്ദേശങ്ങൾ ആദ്യമെത്തിയപ്പോൾ സംഘാടകർ പരിപാടിയുടെ പേര് മാറ്റി "കൊൽക്കത്ത ബീപ് ഫെസ്റ്റിവൽ" എന്നാക്കിയിരുന്നു. പക്ഷെ ഭീഷണി കോളുകൾ വർദ്ധിക്കുകയും പരിപാടി സംഘർഷഭരിതമായ സാഹചര്യത്തിലേക്ക് പോകുമെന്നും തോന്നിയപ്പോഴാണ് സംഘാടകർ ബീപ് ഫെസ്റ്റിവൽ നടത്തേണ്ടെന്ന് തീരുമാനിച്ചത്.
"സംഘർഷം ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പിന് ശേഷം പരിപാടി നടത്താമെന്ന് കരുതിയതെങ്കിലും അത് സാധിച്ചില്ല. ഇത് വെറും രാഷ്ട്രീയ അഭിപ്രായ ഭിന്നത മാത്രമായിരുന്നെങ്കിലും, എല്ലാവർക്കും സുരക്ഷിതത്വം ഒരുക്കാൻ സാധിക്കുമായിരുന്നെങ്കിലും പരിപാടിയുമായി ഞങ്ങൾ മുന്നോട്ട് പോകുമായിരുന്നു," എന്നും സംഘാടകർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam