ബംഗാളിലെ രാഷ്ട്രീയ നാടകം; കടുത്ത അതൃപ്തി അറിയിച്ച് കൊൽക്കത്ത ഹൈക്കോടതി

By Web TeamFirst Published May 18, 2021, 9:20 AM IST
Highlights

രാഷ്‍ട്രീയനേതാക്കൾ പ്രതികളാകുമ്പോൾ ജനക്കൂട്ടത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. ഇത്തരം പ്രതിഷേധം അനുവദിച്ചാൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം ഇല്ലാതാകുമെന്നും കോടതി വിലയിരുത്തി. 

കൊൽക്കത്ത: ബംഗാളിലെ രാഷ്ട്രീയനാടകങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ച് കൊൽക്കത്ത ഹൈക്കോടതി. തൃണമൂൽ നേതാക്കളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച മുഖ്യമന്ത്രി മമത ബാനർജിയെ കോടതി രൂക്ഷമായി വിമർശിച്ചു. ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ അനുവദിക്കില്ലെന്ന് കോടതി താക്കീത് നൽകി. കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ കേസെടുത്തതെന്നും കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. നാരദ കേസിൽ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. 

ജാമ്യം അനുവദിച്ച സിബിഐ പ്രത്യേക കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ ഹർജി അടിയന്തിരമായി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ ധർണ സമരത്തെ ഹൈക്കോടതി നിശിതമായി വിമർശിച്ചു. രാഷ്‍ട്രീയനേതാക്കൾ പ്രതികളാകുമ്പോൾ ജനക്കൂട്ടത്തെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പ്രതിഷേധം അനുവദിച്ചാൽ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം ഇല്ലാതാകുമെന്നും കൊൽക്കത്ത ഹൈക്കോടതി വിലയിരുത്തി. നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ അരങ്ങേറിയിരുന്നു.

വ്യവസായികളായി എത്തിയ നാരദ ന്യൂസ് പോര്‍ട്ടൽ സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂൽ മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കീം, സുബ്രദാ മുഖര്‍ജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റര്‍ജി എന്നിവരെയാണ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. നേതാക്കളുടെ അറസ്റ്റിന് തൊട്ടുപിന്നാലെ തന്നെയും അറസ്റ്റ് ചെയ്യു എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി കുത്തിയിരുന്ന് മമത പ്രതിഷേധിക്കുകയായിരുന്നു. പുറത്ത് തൃണമൂൽ പ്രവര്‍ത്തകരും തടിച്ചുകൂടി. ബാരിക്കേഡുകൾ തകര്‍ത്ത ഇവര്‍ സിബിഐ ഓഫീസിന് നേരെ കല്ലേറും നടത്തി. മണിക്കൂറുകൾ സംഘര്‍ഷം നീണ്ടു. ആറുമണിക്കൂറിലധികം സിബിഐ ഓഫീസിനുള്ളിൽ മമത പ്രതിഷേധവുമായി തുടര്‍ന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!