മുട്ട കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ
ദില്ലി: മുട്ട കഴിച്ചാല്‍ ക്യാന്‍സറിന് സാധ്യതയുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഇത്തരം അവകാശവാദങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും എഫ്എസ്എസ്എഐ പ്രസ്താവനയില്‍ അറിയിച്ചു.
എഗ്ഗോസ് ന്യൂട്രീഷന്‍ എന്ന ബ്രാന്‍ഡ് വില്‍ക്കുന്ന മുട്ടകളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ആന്റിബയോട്ടിക് ആയ നൈട്രോഫ്യുറാന്‍റെ അംശം ഉണ്ടെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. ഇത് അടിസ്ഥാന രഹിതമാണെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കിയത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തിന്റെ ഒരു ഘട്ടത്തിലും നൈട്രോഫ്യൂറാൻ ഉപയോഗിക്കാൻ അനുവാദമില്ലെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
മുട്ടയുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രചാരണം വ്യാജമാണെന്ന് എഫ്എസ്എസ്എഐ വിശദീകരിച്ചത്. മുട്ട കഴിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് ദേശീയ തലത്തിലോ അന്തര്‍ദേശീയ തലത്തിലോ ഒരു പഠനവും വന്നിട്ടില്ലെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.
ലാബുകളിൽ നിർമിക്കുന്ന പ്രത്യേകതരം ആൻ്റിബയോട്ടിക്കുകളാണ് നൈട്രോഫ്യൂറാനുകൾ. സാൽമൊണെല്ല പോലുള്ള ദോഷകരമായ ബാക്‌ടീരിയകളെ നശിപ്പിക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്. വളരെ വിലക്കുറവില്‍ ലഭിക്കുന്നത് കൊണ്ടു തന്നെ കോഴികൾ, പന്നികൾ, ചെമ്മീൻ, മറ്റ് മൃഗങ്ങൾ എന്നിവയെ ചികിത്സിക്കാൻ ഒരുകാലത്ത് ഇവ ധാരാളമായി ഉപയോഗിച്ചിരുന്നു. എന്നാൽ 2011ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ പ്രകാരം കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉല്‍പാദനത്തിൽ ഇവ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കിയത്.
