
കൊൽക്കത്ത: കൊൽക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ഡിഎൻഎ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് സിബിഐ. ഫലം ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാകും. ഒരാഴ്ചക്കുള്ളിൽ അന്തിമറിപ്പോർട്ട് തയ്യാറാകും.
കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സമരം ചെയ്യുന്ന ഡോക്ടർമാരും സംഭവത്തിൽ സിബിഐ അന്വേഷണത്തിനായി വലിയ രീതിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ മാസത്തിലാണ് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തിലും പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയിൽ തന്നെയാണ് അന്വേഷണം ഒതുങ്ങി നിൽക്കുന്നത്. ഇയാളുടെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ മാത്രമാണ് പ്രതി എന്നാണ് മനസിലാകുന്നതെന്ന് സിബിഐ വ്യക്തമാക്കുന്നു. അടുത്ത ഘട്ടമെന്ന നിലയിലാണ് ഡിഎൻഎ ഫലം കാത്തിരിക്കുന്നത്.
കൊല്ലപ്പെട്ട ഡോക്ടറുടെ ശരീരത്തിൽ നിന്നും ശേഖരിച്ച സാംപിളുകൾ ദില്ലി എയിംസിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഈ പരിശോധന ഫലം ലഭിക്കുമെന്ന് സിബിഐ പറയുന്നു. എല്ലാ ശാസ്ത്രീയ തെളിവുകളും ഈ പ്രതിയിൽ തന്നെ കേന്ദ്രീകരിക്കുന്നു എന്നാണ് സിബിഐയും വ്യക്തമാക്കുന്നത്. അടുത്തയാഴ്ച റിപ്പോർട്ട് സിബിഐ സുപ്രീം കോടതിയിൽ സമർപ്പിക്കും. കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam