'ഇത്തിരി സഹാനുഭൂതി കാണിക്കൂ', രാജസ്ഥാൻ മുഖ്യമന്ത്രിയോട് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്

By Web TeamFirst Published Jan 4, 2020, 4:36 PM IST
Highlights

കോട്ടയിലെ ജെ കെ ലോൺ ആശുപത്രിയിൽ മരിച്ച കുട്ടികളുടെ എണ്ണം 107. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തുള്ളതിനേക്കാൾ കുറവാണ് മരണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പറഞ്ഞതിനെതിരെയാണ് സച്ചിൻ പൈലറ്റിന്‍റെ പ്രതികരണം. 

ദില്ലി/കോട്ട: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെതിരെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കുട്ടികളുടെ കൂട്ടമരണം പോലുള്ള വിഷയങ്ങളിൽ ഇത്തിരി സഹാനുഭൂതി കാണിക്കണമെന്നും, ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും അശോക് ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സച്ചിൻ പൈലറ്റ് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തുള്ളതിനേക്കാൾ കുറവാണ് മരണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പറഞ്ഞതിനെതിരെയാണ് സച്ചിൻ പൈലറ്റിന്‍റെ പ്രതികരണം. കുട്ടികളുടെ കൂട്ടമരണം നടന്ന ആശുപത്രിയിൽ സന്ദർശനം നടത്താനെത്തിയതായിരുന്നു സച്ചിൻ പൈലറ്റ്. 

''നമ്മുടെ പ്രതികരണങ്ങൾ അൽപം കൂടി സഹാനുഭൂതിയോടെയാകണം, സെൻസിറ്റീവാകണം, ഉത്തരവാദിത്തത്തോടെയാകണം. 13 മാസം അധികാരത്തിലിരുന്നിട്ടും വീണ്ടും പഴയ സർക്കാരിന്‍റെ അലംഭാവത്തെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. ഉത്തരവാദിത്തം ആർക്ക് എന്നത് കൃത്യമായി അറിയണം. അത് തീരുമാനിക്കണം..'', സച്ചിൻ പൈലറ്റ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

: സച്ചിൻ പൈലറ്റ് ആശുപത്രി സന്ദർശിച്ചപ്പോൾ

കോട്ടയിലെ ജെ കെ ലോൺ ആശുപത്രിയിൽ കഴിഞ്ഞ മാസം മാത്രം മരിച്ചത് നൂറ് കുഞ്ഞുങ്ങളാണെന്ന ഭീതിദമായ വിവരം പുറത്തുവന്നതോടെയാണ്, രാജസ്ഥാൻ സ‍ർക്കാർ പ്രതിരോധത്തിലായത്. ഇതിൽ പത്ത് കുഞ്ഞുങ്ങൾ വെറും രണ്ട് ദിവസത്തിനിടെയാണ് ആശുപത്രിയിൽ വച്ച് മരിച്ചത്. 48 മണിക്കൂർ സമയത്തിനിടെ, ഡിസംബർ 23-25 തീയതികളിൽ. ഒമ്പത് കുഞ്ഞുങ്ങൾ മരിച്ചത് ഡിസംബർ 30, 31 തീയതികളിൽ. വൃത്തി ഹീനമായ പരിസരം, ഉപകരങ്ങളുടെ കുറവ്, ജീവനക്കാരുടെ അപര്യാപ്തത, ഡോക്ടര്‍മാരുടെ അലംഭാവം എന്നിങ്ങനെയായിരുന്നു ആശുപത്രിയെക്കുറിച്ചുള്ള പരാതിക‌ൾ. ഇത് തന്നെയാണ് കൂട്ട ശിശുമരണത്തിന് കാരണമായതും. പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാനായി എയിംസിലെ ഡോക്ടർമാർ അടക്കമുള്ള കേന്ദ്രസംഘം ഇന്ന് കോട്ടയിലെ ആശുപത്രിയിലെത്തിയിരുന്നു. 

വൃത്തിഹീനമായ പരിസരവും, ഉപകരണങ്ങളില്ലാത്തതിനും പുറമേ, കടുത്ത ശൈത്യവും കുഞ്ഞുങ്ങളുടെ ജീവന് കടുത്ത ഭീഷണിയായി. ഡിസംബർ അവസാനവാരം ഏതാണ്ട് മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് കോട്ടയിലെ താപനില കുത്തനെ താഴ്ന്നിരുന്നു. 

ഗുരുതരസാഹചര്യം കണക്കിലെടുത്ത് ലോക്സഭാ സ്പീക്കറും കോട്ട എംപിയുമായ ഓം ബിര്‍ല ജെ കെ ലോൺ ആശുപത്രിയിൽ എത്തി. 

മുഖ്യമന്ത്രി പറഞ്ഞതെന്ത്? 

കുട്ടികളുടെ മരണത്തിന്‍റെ കണക്ക് പുറത്തുവന്നപ്പോൾ പ്രതിരോധത്തിലായ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്‍‍ലോട്ട് ട്വീറ്റ് ചെയ്തതിങ്ങനെ: ''സർക്കാർ കണക്കുകൾ അനുസരിച്ച്, ജെ കെ ലോൺ ആശുപത്രിയിൽ ഈ വർഷം മരിച്ച കുട്ടികളുടെ എണ്ണം 963 ആയി കുറഞ്ഞു. 1260 പേരാണ് ഇവിടെ 2015-ൽ മരിച്ചത്. 1193 കുട്ടികളാണ് 2016-ൽ മരിച്ചത്. ഈ രണ്ട് വർഷവും ഇവിടെ ബിജെപിയാണ് ഭരിച്ചത്. 2018-ൽ ഈ ആശുപത്രിയിൽ മരിച്ചത് 1005 കുട്ടികളാണ്''.

ഇതോടെ വിവാദം ആളിക്കത്തി. പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിൽ നിന്ന് നാടകം കളിക്കാതെ പോകേണ്ടത് കോട്ടയിലേക്കാണെന്ന് ബിഎസ്‍പി അധ്യക്ഷ മായാവതി ആഞ്ഞടിച്ചു. ഗോരഖ്പൂരിലെ ശിശുമരണത്തിന്‍റെ പേരിൽ പ്രതിരോധത്തിലായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പക്ഷേ, രാജസ്ഥാൻ സർക്കാരിനെ വിമർശിക്കാൻ മറന്നില്ല. ഇതേത്തുടർന്ന് പ്രതിരോധത്തിലായ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടിയന്തരമായി പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു.

കോൺഗ്രസ് സംഘത്തെ സ്ഥലത്തേക്ക് സ്ഥിതിഗതികൾ പഠിക്കാൻ അയച്ചിട്ടുണ്ടെന്നും, സ്ഥിതി ആരാഞ്ഞ് വരികയാണെന്നും ഇതിന് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി വ്യക്തമാക്കുകയും ചെയ്തു.

കുട്ടികളുടെ കൂട്ടമരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ സർക്കാരിനും ചീഫ് സെക്രട്ടറിക്കും ആരോഗ്യ സെക്രട്ടറിക്കും നോട്ടീസയച്ചു. ഇനി കുട്ടികളുടെ മരണം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അടിയന്തരമായി എടുക്കാനും മനുഷ്യാവകാശകമ്മീഷൻ നോട്ടീസിൽ പറയുന്നു.

അശോക് ഗെഹ്‍ലോട്ടിനെതിരായ പ്രസ്താവനയിലൂടെ ഒരർത്ഥത്തിൽ പഴയ ഒരു കണക്ക് കൂടി വീട്ടുകയാണ് സച്ചിൻ പൈലറ്റ്. പഴയ പടക്കുതിരയായ അശോക് ഗെഹ്‍ലോട്ടിന് മുഖ്യമന്ത്രിസ്ഥാനം കൊടുത്ത് തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ അതൃപ്തിയുണ്ടായിരുന്ന സച്ചിൻ പൈലറ്റ് കിട്ടിയ അവസരം വിനിയോഗിക്കുക കൂടി ചെയ്യുന്നു. 

click me!