ഗോഡ്സെ-സവര്‍ക്കര്‍ പരാമര്‍ശം; സേവാദള്‍ ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി

By Web TeamFirst Published Jan 4, 2020, 4:34 PM IST
Highlights
  • സവര്‍ക്കറെയും ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെയും കുറിച്ചുള്ള വിവാദ പരാമര്‍ശം ഉള്‍പ്പെട്ട സേവാദള്‍ ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി.
  • ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് ഗോഡ്സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ഡൊമിനിക് ലാംപിയറിന്റെയും ലാരി കോളിൻസിന്റെയും 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ലഘുലേഖയിൽ പറയുന്നു.

ദില്ലി: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറും മാഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയും തമ്മില്‍ ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന വിവാദ പരാമര്‍ശമടങ്ങിയ സേവാദള്‍ ലഘുലേഖ പിന്‍വലിക്കണമെന്ന് എന്‍സിപി. അധിക്ഷേപകരമായ ലേഖനങ്ങള്‍ തയ്യാറാക്കുന്നത് തെറ്റാണെന്നും സവര്‍ക്കര്‍ ജീവിച്ചിരിക്കാത്ത സാഹചര്യത്തില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു.

'അധിക്ഷേപകരമായ ലേഖനങ്ങള്‍ തയ്യാറാക്കുന്നത് തെറ്റാണ്. ആശയപരമായ വിയോജിപ്പുകള്‍ തെറ്റല്ല. എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പ്രത്യേകിച്ച് ആ വ്യക്തി സവര്‍ക്കര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍. ലഘുലേഖ പിന്‍വലിക്കണം'- നവാബ് മാലിക് ആവശ്യപ്പെട്ടു. 

'വീർ സവർക്കർ എത്രമാത്രം ധൈര്യശാലിയായിരുന്നു' (വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍) എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് പതിനാല് പേജുള്ള ലഘുലേഖ വിതരണം ചെയ്തത്.

ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് ഗോഡ്സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ഡൊമിനിക് ലാംപിയറിന്റെയും ലാരി കോളിൻസിന്റെയും 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ലഘുലേഖയിൽ പറയുന്നു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദുക്കളോട് സവര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്ലെറ്റില്‍ ആരോപിക്കുന്നുണ്ട്.

Read More: 'ഗോഡ്‌സെയുമായി സവര്‍ക്കര്‍ക്ക് സ്വവര്‍ഗലൈംഗിക ബന്ധം'; വിവാദ പരാമർശവുമായി സേവാദള്‍ ലഘുലേഖ

12 വയസുള്ളപ്പോൾ സവർക്കർ പള്ളിക്ക് നേരെ കല്ലെറിഞ്ഞിരുന്നുവെന്നും, ഹിറ്റ്ലറുടെ നാസിസത്തിൽനിന്നും മുസോളിനിയുടെ ഫാസിസത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട സംഘടനയാണ് ആർഎസ്എസ് എന്നും ലഘുലേഖയിൽ പറയുന്നു. 1947 ല്‍ രാജ്യം വിഭജിച്ചതിന് ആര്‍എസ്എസിനെയും സവര്‍ക്കറെയുമാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നത്. വര്‍ഗീയ കലാപത്തില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോഴെല്ലാം സവര്‍ക്കറും സുഹൃത്തുക്കളും സന്തോഷത്തോടെ നൃത്തം ചെയ്യാറുണ്ടായിരുന്നു സവര്‍ക്കറുടേത് ദ്വിരാഷ്ട്ര സിദ്ധാന്തമായിരുന്നുവെന്നും അതാണ് വിഭജനത്തിന് വിത്തിട്ടതെന്നും ലഘുലേഖയില്‍ പറയുന്നു.

 

click me!