
ശിവമോഗ്ഗ : അയോധ്യയിലെ ശ്രീരാമ ക്ഷേത്രനിർമാണ ഫണ്ടിലേക്കുള്ള മൂലധനസമാഹരണയജ്‌ഞം പുരോഗമിക്കുന്നതിനിടെ കർണാടകയിൽ പിരിവിനെതിരെ ഗുരുതരമായ ആക്ഷേപവുമായി മുൻ മുഖ്യമന്ത്രിയും ജനതാദൾ സെക്കുലർ നേതാവുമായ എച്ച് ഡി കുമാരസ്വാമി രംഗത്തെത്തി. ക്ഷേത്ര നിർമാണ ഫണ്ടിലേക്ക് സംഭാവന നല്കാൻ വിസമ്മതിക്കുന്നവരുടെ വീടുകൾ പ്രത്യേകതരത്തിൽ അടയാളപ്പെടുത്തിയിട്ടാണ് പിരിവുകാർ പോകുന്നത് എന്നും, ഈ പരിപാടി പണ്ട് ഹിറ്റലറുടെ ജർമനിയിൽ കൊല്ലാൻ കണ്ടുവെക്കുന്ന ജൂതരുടെ വീടുകൾ അടയാളപ്പെടുത്തിയിരുന്ന നാസികളുടെ നടപടിക്ക് സമാനമാണ് എന്നുമായിരുന്നു കുമാരസ്വാമിയുടെ ആരോപണം.
ശിവമോഗ്ഗയിൽ വെച്ച് നടന്ന പ്രസ് കോൺഫറൻസിനിടെ ഫണ്ട് ശേഖരണ പ്രക്രിയയെ നിശിതമായി വിമർശിച്ച കുമാരസ്വാമി തന്റെ ആക്ഷേപങ്ങൾ ട്വീറ്റ് വഴിയും ആവർത്തിച്ചു. ഇത്തരത്തിലുള്ള നടപടികൾ നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിക്കും എന്നറിയില്ല എങ്കിലും, സമാനമായത് പ്രവർത്തിച്ച ജർമനിയിൽ ലക്ഷക്കണക്കിന് പേർക്ക് ജീവനാശമുണ്ടായി എന്നതിന് ചരിത്രം സാക്ഷിയാണ് എന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണത്തിന് ഇതുവരെ, 20 ദിവസങ്ങൾക്കുള്ളിൽ 600 കോടി രൂപ സ്വരൂപിച്ചു കഴിഞ്ഞിട്ടുണ്ട് എന്ന് ശ്രീ റാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികാരികൾ പറഞ്ഞു. പ്രസിഡന്റ് റാം നാഥ് കോവിന്ദിന്റെ കയ്യിൽ നിന്നും അഞ്ചു ലക്ഷം രൂപ സംഭാവന സ്വീകരിച്ചു കൊണ്ട് ജനുവരി 15 നാണ് ഫണ്ട് സമാഹരണ യജ്ഞത്തിന് തുടക്കമാവുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam