'ആശ'യുടെ ഗര്‍ഭമലസിയതിന് പിന്നാലെ 'സാഷ'യ്ക്ക് കിഡ്നി രോഗം 

By Web TeamFirst Published Jan 27, 2023, 1:40 PM IST
Highlights

സ്ഥിതി അല്‍പം സീരിയസ് ആണെങ്കിലും സാഷ പുരോഗതി കാണിക്കുന്നുണ്ടെന്നാണ് സൂചന. ജനുവരി 23നാണ് പെണ് ചീറ്റപ്പുലികളില്‍ ഒന്നിന് ക്ഷീണവും തളര്‍ച്ചയും കാണിച്ചത്. ഇതോടെ ചീറ്റപ്പുലിയെ മയക്കിയ ശേഷം അടച്ചുപൂട്ടിയ ഇടത്തേക്ക് ക്വാറന്‍റൈന്‍ ചെയ്തിരുന്നു

ഭോപ്പാല്‍: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന്  ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിലൊന്നിന് അസുഖമെന്ന് റിപ്പോര്‍ട്ട്. സാഷയെന്ന പെണ്‍ ചീറ്റയ്ക്കാണ് കിഡ‍്നി രോഗമെന്നാണ് റിപ്പോര്‍ട്ട്. ചീറ്റപ്പുലിയെ നിരീക്ഷിച്ച് വരികയാണെന്നും ഏറ്റവും മികച്ച ചികിത്സ നൽകുമെന്നുമാണ് കുനോ ദേശീയോദ്യാന അധികൃതര്‍ വിശദമാക്കി. സ്ഥിതി അല്‍പം സീരിയസ് ആണെങ്കിലും സാഷ പുരോഗതി കാണിക്കുന്നുണ്ടെന്നാണ് സൂചന. ജനുവരി 23നാണ് പെണ് ചീറ്റപ്പുലികളില്‍ ഒന്നിന് ക്ഷീണവും തളര്‍ച്ചയും കാണിച്ചത്. ഇതോടെ ചീറ്റപ്പുലിയെ മയക്കിയ ശേഷം അടച്ചുപൂട്ടിയ ഇടത്തേക്ക് ക്വാറന്‍റൈന്‍ ചെയ്തിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായ നിരീക്ഷണവും മരുന്നിനും ശേഷം സാഷ ആരോഗ്യ നിലയില്‍ പുരോഗതി കാണിക്കുന്നുണ്ടെന്നാണ് സൂചന.

കുറച്ച് ദിവസം കൂടി ചികിത്സ തുടരേണ്ടി വരുമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെ എസ് ചൌഹാന്‍ വിശദമാക്കുന്നത്. വരും ദിവസങ്ങള്‍ 3 വയസ് പ്രായമുള്ള സാഷയ്ക്ക് നിര്‍ണായകമാണെന്നും ഇദ്ദേഹം വിശദമാക്കുന്നു. ക്രിയാറ്റിന്‍ ലൈവലില്‍ സാരമായ മാറ്റമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. നിര്‍ജലീകരണത്തിന്‍റെ ലക്ഷണങ്ങളും സാഷ കാണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17നാണ് സാഷയെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചത്. നേരത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ഗര്‍ഭം അലസിയിരുന്നു.

സെപ്റ്റബർ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു. എന്നാൽ, നവംബർ ആദ്യം വാരമായിട്ടും ഇതുവരെ ആശ പ്രസവിച്ചില്ല. തുടർന്നാണ് ആശയുടെ ​ഗർഭമലസിയതായി സ്ഥിരീകരിച്ചത്. മാനസിക സമ്മർദ്ദം കാരണമാണ് ​ഗർഭമലസിയതെന്നാണ് വിദഗ്ധര്‍ വിഷയത്തേക്കുറിച്ച് പ്രതികരിച്ചത്. 93 ദിവസമാണ് ചീറ്റകളുടെ ​ഗർഭകാലം. ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോൾ തന്നെ ആശ ​ഗർഭിണിയാണെന്ന് വിവരമുണ്ടായിരുന്നു.

'ആശ'യുടെ ​ഗർഭമലസി; പുതിയ കുഞ്ഞുങ്ങൾക്കായി ഇനിയും കാത്തിരിക്കണം

കുനോയിൽ പരിശോധന സംവിധാനമില്ലാത്തതിനാൽ എത്രമാസമായി എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ​ഗർഭിണിയായതിനാൽ നല്ല രീതിയിലുള്ള പരിചരണമാണ് അധികൃതർ ആശക്ക് നൽകിയത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാ​ഗമായി സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിട്ടത്.

ഇന്ത്യൻ മണ്ണിൽ വേട്ട തുടങ്ങി ചീറ്റപ്പുലികൾ, ഓടിപ്പിടിച്ചത് പുള്ളിമാനിനെ; ഇണങ്ങിയെന്ന് വിദ​ഗ്ധര്‍

click me!