
മുംബൈ: കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് വീണ്ടും നിതിന്‍ ഗഡ്കരി രംഗത്ത്. പണത്തിനോ ഫണ്ടിനോ അല്ല കേന്ദ്രസര്‍ക്കാരില്‍ ക്ഷാമമെന്നും പകരം തീരുമാനമെടുക്കാനുള്ള കഴിവാണ് ഇല്ലാത്തതെന്നും നിതിന്‍ ഗഡ്കരി വിമര്‍ശിച്ചു. നാഗ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ പുഞ്ചിരിച്ചുകൊണ്ടാണ് നിതിന്‍ ഗഡ്കരി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്.
''കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 17 ലക്ഷം കോടിയുടെ പണി ഞാന്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 5 ലക്ഷം കോടിയുടെ പണി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. നോക്കൂ കേന്ദ്ര സര്‍ക്കാരിന് പണത്തിന് ക്ഷാമമില്ല, തീരുമാനം എടുക്കാനും കാര്യങ്ങള്‍ ചെയ്യാനുമുള്ള താത്പര്യവും മാനസികാവസ്ഥയുമാണ് ഇല്ലാത്തത്'' - ഗഡ്കരി പറഞ്ഞു.
തീരുമാനമെടുക്കാനുള്ള ധൈര്യമില്ലായ്മയും മോശം നിലപാടുമാണ് പ്രധാന ന്യൂനതയെന്നും ഗഡ്കരി പറഞ്ഞു. ആളുകള്‍ അവര്‍ക്ക് കഴിവുള്ള മേഖലയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.