മംഗല്യസൂത്രത്തെ പട്ടിയുടെ തുടലിനോട് ഉപമിച്ചതിന് ഗോവയിലെ വനിതാ പ്രൊഫസർക്കെതിരെ കേസ്

By Web TeamFirst Published Nov 10, 2020, 5:16 PM IST
Highlights

ഈ പോസ്റ്റിന്റെ ചുവട്ടിലും, അല്ലാതെ ഇൻബോക്സിലുമായും നേരിട്ട് ഫോൺ വിളിച്ചും തനിക്ക് പിന്നീട് കിട്ടിയ വധ, ബലാത്സംഗം, ആക്രമണ ഭീഷണിയുടെ പേരിൽ പ്രൊഫസർ ശിൽപയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പനാജി : ഇന്ത്യയിൽ ഹിന്ദുമത വിശ്വാസപ്രകാരം വിവാഹിതരാകുന്ന സ്ത്രീകൾ കഴുത്തിൽ ധരിക്കുന്ന മംഗല്യസൂത്രം അഥവാ കെട്ടുതാലി എന്നത് സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ് എന്ന സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട ഗോവ ലോ കോളേജ് പ്രൊഫസർക്കെതിരെ, രാഷ്ട്രീയ ഹിന്ദു യുവ വാഹിനി നേതാവ് രാജീവ് ഝാ കൊടുത്ത പരാതിയിന്മേൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ് ഗോവൻ പൊലീസ്. 

പനാജിയിലെ വിഎം സലാഗാവോങ്കർ ലോ കോളേജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപികയായ പ്രൊഫ. ശില്പ ഷായ്‌ക്കെതിരെയാണ് ഈ ഫേസ്‌ബുക്ക് പോസ്റ്റിലെ പരാമർശങ്ങളുടെ പേരിൽ കേസ് ചാർജ് ചെയ്യപ്പെട്ടിരിക്കുന്നത്. പോസ്റ്റിൽ പ്രൊഫസർ മംഗല്യസൂത്രത്തിലൂടെ ഊട്ടിയുറപ്പിക്കുന്ന ആൺകോയ്മയെ സൂചിപ്പിക്കാൻ അതിനെ വളർത്തുനായ്ക്കളുടെ കഴുത്തിലെ തുടലിനോട് ഉപമിച്ചതാണ് ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്. 

എന്നാൽ, ഈ പോസ്റ്റിന്റെ ചുവട്ടിലും, അല്ലാതെ ഇൻബോക്സിലുമായും നേരിട്ട് ഫോൺ വിളിച്ചും തനിക്ക് പിന്നീട് കിട്ടിയ വധ, ബലാത്സംഗം, ആക്രമണ ഭീഷണിയുടെ പേരിൽ പ്രൊഫസർ ശിൽപയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസിൽ പരാതിപ്പെടും മുമ്പ് എബിവിപി  ടീച്ചറുടെ വാക്കുകളിൽ മതവൈരം പ്രകടമാണ് എന്നും അതിന്റെ പേരിൽ അവരെ ജോലിയിൽ നിന്ന് നീക്കം ചെയ്യണം എന്നും പറഞ്ഞുകൊണ്ട് കോളേജ് അധികാരികളോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, ടീച്ചറുടെ പോസ്റ്റുകൾ ടീച്ചറുടെ വ്യക്തിപരമായ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് വിശദീകരിച്ചുകൊണ്ട്, ടീച്ചർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് കോളേജ് നിലപാടെടുത്തതിന് പിന്നാലെയാണ് ഹിന്ദു സംഘടനകൾ പൊലീസിൽ പരാതിപ്പെടുന്നത്. 

പ്രൊഫസർ ശില്പ ഷായ്‌ക്കെതിരെ IPC സെക്ഷൻ 295-A - മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പ് ചുമത്തിയാണ് എഫ്‌ഐആർ ഇട്ടിട്ടുളളത്. ആറുമാസം മുമ്പ് താൻ ഇട്ട പോസ്റ്റ് ഇപ്പോൾ പൊക്കിക്കൊണ്ടുവന്നു പരാതിപ്പെടുന്നതിൽ ദുരുദ്ദേശ്യപരമായി എന്തൊക്കെയോ ഉണ്ട് എന്ന് പ്രൊഫസർ ശില്പ ഷാ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു. തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണ് എന്നും, ആർക്കെങ്കിലും അവ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു എന്നും പ്രൊഫസർ പറഞ്ഞു. 
 

click me!